Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസമ്മർ സീസണിൽ കുളിരു...

സമ്മർ സീസണിൽ കുളിരു പകർന്ന് ഉംലജിലെ കടലോര ഉദ്യാനങ്ങൾ

text_fields
bookmark_border
സമ്മർ സീസണിൽ കുളിരു പകർന്ന് ഉംലജിലെ കടലോര ഉദ്യാനങ്ങൾ
cancel
camera_alt

സന്ദർശകരെ കാത്തിരിക്കുന്ന ഉംലജ് ബീച്ചിലെ കാഴ്ചകൾ ഫോട്ടോ: സഫീൽ കടന്നമണ്ണ

ഉംലജ്: 'സമ്മർ സീസൺ' ടൂറിസം കാമ്പയിനിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 10 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉംലജിലെ കടലോര ഉദ്യാനങ്ങൾ. വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും നൂറുകണക്കിന് സഞ്ചാരികളാണ്​ ഇവിടെ എത്തുന്നത്. ചെങ്കടലിനോട് ചേർന്നുള്ള ഉംലജ് ബീച്ചിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ഉല്ലാസദായകമാണ്. വിശാലമായ സൗകര്യങ്ങളോടെ കടലിനോട്​ ചേർന്നുള്ള നടപ്പാതയും കടലിൽ കുളിക്കാനൊരുക്കിയ പ്രത്യേക സൗകര്യവും സന്ദർശകരെ ആകർഷിക്കുന്നു. കാറ്റുള്ള ദിനങ്ങളിൽ അപൂർവമായി ശക്തിപ്പെട്ടുവരുന്ന തിരമാലകളുടെ വശ്യമായ കാഴ്ച ആസ്വദിക്കാൻ കടലോരതീരത്ത് ഒരുക്കിയ മതിൽക്കെട്ടുകൾക്കരികെ ധാരാളം സഞ്ചാരികളാണ് സായാഹ്​നങ്ങളിൽ എത്താറുള്ളത്. ഉഷ്ണകാലങ്ങളിൽ വൈകുന്നേരത്തോടെ കുടുംബത്തോടൊപ്പം ഉംലജ് ബീച്ചിൽ വരുന്ന സ്വദേശികളും മറ്റും പിറ്റേന്ന്​ പുലർച്ച വരെ ഇവിടെ ചെലവഴിക്കുന്നു. ബീച്ചിനടുത്തുതന്നെയുള്ള മനോഹരമായ തടാകവും മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന തോട്ടവും സന്ദർശകർക്ക് ഹരം പകരുന്നതാണ്​.

കുട്ടികൾക്ക് ഓടിക്കളിക്കാനും ഉല്ലസിക്കാനും ഇവിടെ വിശാലമായ സൗകര്യങ്ങൾ വേറെയും ഉണ്ട്. സാധാരണ കടൽത്തീരങ്ങൾ പോലെ വലിയ തിരക്ക് ഇവിടെ പലപ്പോഴും കാണാറില്ല. വിദേശികളുടെ സാന്നിധ്യവും താരതമ്യേന കുറവാണ്. സ്വദേശികൾ തിങ്ങിപ്പാർക്കുന്ന ഉംലജ് പട്ടണത്തിൽ പ്രാഥമികമായ എല്ലാതരം ഓഫിസുകളും സംവിധാനങ്ങളും ജനറൽ ആശുപത്രിയും ഉണ്ട്. സ്വദേശികളുടെ വലിയ സാന്നിധ്യം ഇവിടത്തെ മത്സ്യബന്ധന മേഖലകളിൽ ദൃശ്യമാണ്. ചെറുവഞ്ചികളിൽ വിവിധ വർണമത്സ്യങ്ങൾ പിടിച്ച് കരയിലെത്തിക്കുന്ന കാഴ്ച സഞ്ചാരികൾ കൗതുകപൂർവം നോക്കിനിൽക്കുന്നത് കാണാം. 50,000ത്തിലേറെ സ്വദേശി പൗരന്മാർ ഈ പട്ടണത്തെ മാത്രം ചുറ്റിപ്പറ്റി താമസിക്കുന്നുവെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. മലയാളികളുടെ സാന്നിധ്യവും വിരളമെങ്കിലും ഇവിടെയുമുണ്ട്. കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുന്ന മലയാളികൾ നന്നേ കുറവാണെന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് പഠിക്കാൻ പറ്റുന്ന സ്കൂളുകൾ ഇവിടെ ഇല്ലാത്തതാണ് അതിന് കാരണമെന്നും രണ്ട് പതിറ്റാണ്ടായി ഉംലജിൽ കച്ചവടമേഖലയിലുള്ള കോഴിക്കോട് സ്വദേശി ശംസുദ്ദീനും മലപ്പുറം വണ്ടൂർ സ്വദേശി ഖമറുദ്ദീനും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

പൊതുവെ ശാന്തവും വൃത്തിയുമുള്ള ഈ കടൽത്തീര പട്ടണത്തിലെ തെരുവും റോഡിലെ കാഴ്ചയും മനോഹരവും ആകർഷകവുമാക്കാൻ അധികൃതർ എറെ ശ്രദ്ധിച്ചിട്ടുണ്ട്. പടിഞ്ഞാറൻ തുറമുഖനഗരമായ യാംബുവിന് വടക്ക് 150 കിലോമീറ്റർ അകലെ തബൂഖ് പ്രവിശ്യയിലെ ഉംലജ് മുതൽ അൽവജ്ഹ്​ വരെയുള്ള പ്രദേശങ്ങൾക്കിടയിലുള്ള 50 ചെറുദ്വീപുകളെ കേന്ദ്രീകരിച്ചാണ് ചെങ്കടൽ ടൂറിസം പദ്ധതി. സൗദിയുടെ ടൂറിസം മേഖലയിൽ ഒരു വഴിത്തിരിവായി മാറാവുന്ന പദ്ധതിയുടെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ ഉംലജ് ബീച്ചിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വഴിയോരങ്ങൾ പൂച്ചെടികൾ നട്ടുപിടിപ്പിച്ചും റോഡരികുകൾ ആകർഷണീയമാക്കിയും സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയും ഉംലജ് മുനിസിപ്പാലിറ്റി അധികൃതർ വേണ്ട മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഈ പദ്ധതി പൂർത്തിയാവുകയാണെങ്കിൽ ലോകത്ത് ഏറ്റവും സമഗ്രമായ കടലോര, പൈതൃക പദ്ധതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2022ൽ 'ചെങ്കടൽ പദ്ധതി'യുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ വിദേശ സഞ്ചാരികളുടെ വരവ് ഈ പ്രദേശങ്ങളിലേക്കും വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newssummer season
Next Story