സൗദി മാനത്ത് ദൃശ്യവിരുന്നൊരുക്കി ‘സൂപ്പർ ബ്ലൂ മൂൺ’
text_fieldsഅൽഖോബാർ: ഈ വർഷത്തെ ആദ്യ ‘സൂപ്പർ ബ്ലൂ മൂൺ’ പ്രതിഭാസം സൗദി അറേബ്യയുടെ ആകാശത്ത് ദൃശ്യവിരുന്നൊരുക്കി. ഇനി 2027 മേയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന അപൂർവ പ്രതിഭാസമാണ് ഈ മാസം 19ന് ദൃശ്യമായത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത അകലത്തിലെത്തുമ്പോഴാണ് ഈ കാഴ്ച സാധാരണ സംഭവിക്കുക. നിത്യവുമുള്ള ചന്ദ്രനേക്കാൾ 14 ശതമാനം വലുപ്പവും 30 ശതമാനം തെളിച്ചവും സൂപ്പർ ബ്ലൂ മൂണിൽ കാണാം.
അൽ ഉല, തബൂക്ക്, അൽ ബാഹ, അൽ ജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവയുൾപ്പെടെ സൗദിയുടെ വിവിധ പ്രദേശങ്ങളുടെ ആകാശത്താണ് പൂർണ സൂപ്പർ ചന്ദ്രൻ ദൃശ്യമായത്. ‘സീസണൽ ബ്ലൂ മൂൺ’ എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം രണ്ടര വർഷത്തിലൊരിക്കലാണ് സംഭവിക്കുന്നതെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി (ജെ.എ.എസ്) ഡയറക്ടർ മജീദ് അബു സഹ്റ പറഞ്ഞു. വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിൽ വരുന്ന സീസണിൽ നാലിൽ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് സീസണൽ ബ്ലൂ മൂൺ.
ബ്ലൂ മൂൺ എന്നാണ് പേരെങ്കിലും ചന്ദ്രൻ നീലയായി കാണപ്പെടില്ല. സാധാരണ പൂർണ ചന്ദ്രനെപ്പോലെ തന്നെയായിരിക്കും. ‘സൂപ്പർ മൂൺ’ എന്ന പദം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിന്റെ 90 ശതമാനത്തിനുള്ളിൽ ആയിരിക്കുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. ഈ സമയം ചന്ദ്രന്റെയും ഭൂമിയുടെയും കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം 3,61,969 കിലോ മീറ്ററായിരിക്കുമെന്ന് അബു സഹ്റ പറഞ്ഞു.
ഓരോ മാസവും ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവിലൂടെയും ഭൂമിയിൽനിന്ന് ഏറ്റവും ദൂരെയുള്ള ബിന്ദുവിലൂടെയും കടന്നുപോകുന്നു. ചന്ദ്രൻ നിറഞ്ഞുനിൽക്കുകയും ഭൂമിയോട് ഏറ്റവും അടുത്ത് എത്തുകയും ചെയ്യുമ്പോൾ ഒരു സൂപ്പർ മൂൺ സംഭവിക്കുന്നു.
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ അത് സാധാരണയേക്കാൾ വലുതും തിളക്കവുമുള്ളതായി കാണപ്പെടുകയും ചെയ്യുന്നു. ‘നാസ’യുടെ കണക്കനുസരിച്ച് ഈ സൂപ്പർ മൂൺ ഈവർഷത്തെ നാല് സൂപ്പർ മൂണുകളിൽ ആദ്യത്തേതാണ്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും അടുത്ത സൂപ്പർ മൂൺ സംഭവിക്കുക. സാധാരണയായി ഓരോ സീസണിലും മൂന്ന് പൗർണമികൾ ഉണ്ടാകാറുണ്ട്. എന്നാൽ ചില സീസണുകളിൽ നാല് പൗർണമികൾ പ്രത്യക്ഷപ്പെടാം.
ഈ സീസണിലെ അധിക ചന്ദ്രനെ ‘സീസണൽ ബ്ലൂ മൂൺ’ എന്ന് വിളിക്കുന്നു. ഇത് ഏകദേശം രണ്ടര വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒന്നാണ്. അടുത്തത് 2027 മേയ് 20-ന് ആയിരിക്കും പ്രത്യക്ഷപ്പെടുക. സൂപ്പർ ബ്ലൂ മൂൺ പ്രകൃതിദത്തമായ വേലിയേറ്റ പ്രതിഭാസമല്ലാതെ ഭൂമിയിൽ കാര്യമായ സ്വാധീനം ചെലുത്തില്ല. സൂപ്പർ ബ്ലൂ മൂൺ ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങളിൽ വർധനയോ അസാധാരണമായ കാലാവസ്ഥയോ സൃഷ്ടിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.