സൂപ്പർ കപ്പ് സീസൺ 2; പ്രവാസി സോക്കർ സ്പോർട്ടിങ്ങിന് കിരീടം
text_fieldsറിയാദ്: എ.ബി.സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സൂപ്പർ കപ്പ് സീസൺ 2 നയൻസ് ഫുട്ബാൾ ടുർണമെന്റിന്റെ ഫൈനലിൽ ജോയിന്റ് ഗൾഫ് ബിസിനസ് പ്രവാസി സോക്കർ സ്പോർട്ടിങ് ഫോർവേഡ് ലോജിസ്റ്റിക് ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി. കളിയുടെ 17ാം മിനിറ്റിൽ ആദ്യ ഗോൾനേടി ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്റെ ജിഷ്ണു ലീഡ് ചെയ്തപ്പോൾ 29ാം മിനിറ്റിൽ ആരിഫിന്റെ മനോഹരമായ ഗോളിലൂടെ പ്രവാസി സോക്കർ തിരിച്ചടിച്ചു. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളിന് സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ നാലേ മൂന്നിന് പ്രവാസി സോക്കർ വിജയിക്കുകയായിരുന്നു.
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 ടീമുകളാണ് നയൻസ് ഫോർമാറ്റിൽ നടന്ന ടൂർണമെന്റിൽ ഏറ്റുമുട്ടിയത്. പ്രവാസി സോക്കർ ആദ്യ മത്സരത്തിൽ സുലൈ എഫ്.സിയെയും ക്വാർട്ടറിൽ റോയൽ ഫോക്കസ് ലൈൻ എഫ്.സിയെയും സെമിയിൽ റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സിയെയും തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. പ്രവാസി സോക്കറിന്റെ ഗോൾ കീപ്പർ അബ്ദുല്ലത്തീഫ് ഫൈനലിലെ താരമായും ക്യാപ്റ്റൻ ആരിഫ് ടൂർണമെൻറിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
സൂപ്പർ കപ്പ് ട്രോഫി എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ സലിം പുതിയോട്ടിയിൽ വിജയികൾക്ക് സമ്മാനിച്ചു. അറബ് ഡ്രീംസ് റിയാദ് മാനേജർ സാദിഖ് കാഷ് പ്രൈസ് നൽകി. കാൻഡിൽ നൈറ്റ് ട്രേഡിങ് മാനേജർ ഷിയാസ് റണ്ണേഴ്സ് ട്രോഫിയും ഫ്രൻഡി പേ സലിം, ഫ്രൻഡി പാക്കേജ് ലുഖ്മാൻ എന്നിവർ കാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങിൽ റിഫ ഭാരവാഹികളും ടൂർണമെൻറ് പ്രായോജകരും മറ്റു പ്രമുഖരും പങ്കെടുത്തു.
തണുപ്പിനെ വകവെക്കാതെ ആദ്യാവസാനം വരെ മത്സരങ്ങൾ കാണാനെത്തിയ ഫുട്ബാൾ ആരാധകർ സുലൈ അൽ മുതവ സ്റ്റേഡിയം ആഘോഷരാവാക്കി മാറ്റി. സമ്മാന വിതരണ ചടങ്ങ് ബഷീർ ഈങ്ങാപ്പുഴ ഉദ്ഘാടനം ചെയ്തു. ഇൽയാസ് തിരൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.