ചന്ദ്രൻ ഓറഞ്ച് നിറമണിയുന്ന ‘സൂപ്പർ മൂൺ’; ആകാശവിസ്മയം ഇന്ന്
text_fieldsയാംബു: ആകാശത്തെ അത്ഭുത പ്രതിഭാസമായ ചന്ദ്രൻ ഓറഞ്ച് നിറമണിയുന്ന ‘സൂപ്പർ മൂൺ’ പശ്ചിമേഷ്യൻ ആകാശത്ത് ചൊവ്വാഴ്ച പ്രകടമാകുമെന്ന് സൗദി ഗോള ശാസ്ത്രജ്ഞർ. അപൂർവമായി ആകാശത്ത് നടക്കുന്ന ഈ പ്രതിഭാസത്തെ വരവേൽക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം. മുൻ വർഷങ്ങളിൽനിന്നും ഭിന്നമായി ഭീമാകാരമായ പൂർണചന്ദ്രനാണ് ഈവർഷം പ്രകടമാകുന്നത്.
ആകാശ മഹാവിസ്മയങ്ങളിൽ അത്യപൂർവ കാഴ്ചയാണിത്. ചൊവ്വാഴ്ച രാത്രി ആകാശത്തെ ഈ പ്രതിഭാസം കാണാൻ കഴിയുമെന്ന് ജിദ്ദയിലെ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർ മൂൺ പ്രതിഭാസമെന്നും ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതുകൊണ്ടാണ് ഓറഞ്ച് നിറം പ്രകടമാകുന്നതെന്നും ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എൻജി. മാജിദ് അബൂസാഹിർ പറഞ്ഞു.
അറബ് ലോകത്തിെൻറ ആകാശം മുഹർറം പൗർണമിക്ക് സാക്ഷ്യംവഹിക്കുമെന്നും ഇത് രണ്ടാമത്തെ ഭീമാകാരമായ പൂർണചന്ദ്രനെ പ്രതിനിധാനംചെയ്യുമെന്നും ഈ വർഷത്തെ ഏറ്റവും അടുത്ത ചന്ദ്രനെ ദർശിക്കാൻ രാത്രിമുഴുവൻ കഴിയുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
‘സൂപ്പർ മൂൺ’ എന്നതിെൻറ ശാസ്ത്രീയ നാമം ‘ബദർ അൽ നഹ്ദ്’ എന്നാണെന്നും ഭൂമിയിൽനിന്ന് ഏറ്റവും അടുത്തുള്ള ബിന്ദുവിൽ ചന്ദ്രെൻറ വരവ് പ്രകടമാകുന്നത് അപൂർവ കാഴ്ചയാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഭൂമിയുടെ അന്തരീക്ഷത്തിലെ ഘടകങ്ങൾ കാരണമാകാം ചന്ദ്രൻ ഓറഞ്ച് നിറമാകുന്നത് എന്ന നിഗമനമാണ് ശാസ്ത്ര ജ്ഞർക്കുള്ളത്.
തെക്കുകിഴക്കൻ ചക്രവാളത്തിൽനിന്ന് സൂര്യാസ്തമയത്തിനുശേഷം ഏറ്റവും അടുത്തുള്ള ഭീമൻ ചന്ദ്രൻ ഉദിക്കുമെന്നും ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ ഘടകങ്ങൾ കാരണം ഇത് ഓറഞ്ച് നിറമാകുമെന്നും ചന്ദ്രൻ വെളിച്ചം വിതറുകയും നീല സ്പെക്ട്രത്തിന്റെ നിറങ്ങൾ ചിതറിക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ചുവന്ന സ്പെക്ട്രത്തിെൻറ നിറങ്ങൾ നിലനിൽക്കും. പക്ഷേ അതിെൻറ ഉദയത്തിനും ചക്രവാളത്തിൽനിന്നുള്ള ദൂരത്തിനും ശേഷം അത് സാധാരണ വെള്ളിനിറത്തിൽ ദൃശ്യമാകും. സൂപ്പർ മൂൺ പ്രതിഭാസം ലോകത്തിലെ ചില രാജ്യങ്ങളിൽ നല്ല രീതിയിൽ പ്രകടമാകുന്ന ഒരു കാഴ്ചയാണെന്ന് ശാസ്ത്ര നിരീക്ഷകർ പറയുന്നു.
ചിലയിടങ്ങളിൽ പ്രകൃതിയിൽ ചില മാറ്റങ്ങൾ ഇതുവഴി സംഭവിക്കാമെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ പ്രകൃതി മാറ്റങ്ങൾ സാധാരണമാണെന്നും ശാസ്ത്ര നിരീക്ഷകർ പറയുന്നു.
കിഴക്കൻ ചക്രവാളം കാണാൻ കഴിയുന്ന ഉയർന്ന പ്രദേശങ്ങളാണ് സൂപ്പർ മൂണിനെ നിരീക്ഷിക്കാൻ അനുയോജ്യം. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകുമെങ്കിലും ടെലിസ്കോപ് ഉപയോഗിച്ചാൽ ചന്ദ്രനിലെ പർവതങ്ങൾ, ഗർത്തങ്ങൾ, അഗ്നി പർവത പ്രദേശങ്ങൾ എന്നിവയും ചിലയിടങ്ങളിൽനിന്ന് കാണാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ആകാശം മേഘാവൃതമാണെങ്കിൽ ഈ വിസ്മയപ്രതിഭാസം കാണാൻ കഴിയില്ല.
ഈ ആകാശക്കാഴ്ചയെ ആഘോഷമാക്കാനായി ഒരുങ്ങുകയാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സംഘടനകളും ശാസ്ത്രനിരീക്ഷണ സ്ഥാപനങ്ങളും. സൂപ്പർ മൂൺ പ്രകടമാകുന്ന സ്ഥലങ്ങളിൽ അവർ ചാന്ദ്രനിരീക്ഷണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.