ഫലസ്തീൻ ജനതക്ക് പിന്തുണ തുടരും -സൗദി മന്ത്രിസഭ
text_fieldsജിദ്ദ: ഗസ്സയിലെ ഇസ്രായേൽ ആക്രമണവും പശ്ചിമേഷ്യൻ മേഖലയിൽ അതിന്റെ വ്യാപനവും തടയേണ്ടതുണ്ടെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാനുള്ള പിന്തുണ തുടരുമെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി. ഫലസ്തീൻ പ്രസിഡൻറ്, ജോർഡൻ രാജാവ്, ഈജിപ്ത് പ്രസിഡൻറ് എന്നിവരുമായി കിരീടാവകാശി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കം മന്ത്രിസഭ ചർച്ച ചെയ്തു.
എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താനുള്ള രാജ്യത്തിന്റെ തുടർന്നുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു അത്. ഗസ്സയിലെയും പരിസരങ്ങളിലെയും ആക്രമണം തടയുന്നതിനും മേഖലയിലെ വ്യാപനം തടയുന്നതിനും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും അവർക്കൊപ്പം നിൽക്കുന്നതിന്റെയും ഭാഗമാണെന്നും മന്ത്രിസഭ വിലയിരുത്തി.
സൗദി നിലവിൽ ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരാചരണത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. രാജ്യത്ത് പ്രീമിയം ഇഖാമയുള്ള പ്രവാസികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്വദേശി പൗരനുള്ള അതേ അവകാശം നൽകാനും മന്ത്രിസഭ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.