'ഹബീബി ഹബീബി' തുണയായി: മൂന്നു പതിറ്റാണ്ടിന് ശേഷം അവർ സൗഹൃദം പുതുക്കി
text_fieldsറിയാദ്: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഹബീബി ഹബീബി' വെർച്വൽ പരിപാടിയുടെ ഭാഗമായി പത്രത്തിൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പിലൂടെ 30 വർഷത്തിന് ശേഷം അവർ സൗഹൃദം പുതുക്കി. കഴിഞ്ഞദിവസം 'ഹബീബി ഹബീബി' കോളത്തിൽ റിയാദിൽനിന്നുള്ള ഇബ്രാഹീം സുബ്ഹാൻ എഴുതിയ സുഹൃത്തിനെ കുറിച്ചുള്ള ഒാർമക്കുറിപ്പിനാണ് ഫലമുണ്ടായത്.
30 വർഷം മുമ്പ് തെൻറ പ്രവാസത്തിെൻറ ആരംഭകാലത്ത് തന്നെ സഹായിച്ച റസാഖ് എന്ന മാനുവിനെക്കുറിച്ച് ഇബ്രാഹീം സുബ്ഹാൻ എഴുതിയതായിരുന്നു ഒാർമക്കുറിപ്പ്. പ്രവാസത്തിനിടയിലെ ജോലി, സ്ഥലമാറ്റങ്ങൾക്കിടയിൽ ഇവർ അകലങ്ങളിലായി പോവുകയും സൗഹൃദം മുറിഞ്ഞുപോകുകയും ചെയ്തിരുന്നു. എന്നാൽ, സ്വന്തം ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സുഹൃത്തിനെ കുറിച്ച് എഴുതാൻ അവസരം വന്നപ്പോൾ ഓർമയുടെ ചെപ്പിൽ എന്നും സൂക്ഷിക്കുന്ന റസാഖിനെ കുറിച്ച് ഇബ്രാഹീം സുബ്ഹാൻ ഉള്ളുതുറന്നെഴുതി.
30 വർഷമായി ഇവർ കാണുകയോ വിളിക്കാൻ കഴിയുകയോ ചെയ്തിരുന്നില്ല. പരസ്പരം ഒരുബന്ധവും ഇല്ലായിരുന്നു ഇവർക്കിടയിൽ. പലതവണ സുബ്ഹാൻ സുഹൃത്തിനെ അന്വേഷിച്ചിരുന്നെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ, കഴിഞ്ഞ ദിവസം 'ഹബീബി ഹബീബി'യിൽ കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ റസാഖ് ഇപ്പോൾ എവിടെയാണുള്ളതെന്ന് അറിയാനും ഫോണിലൂടെ സൗഹൃദം പുതുക്കാനുമുള്ള സൗഭാഗ്യമുണ്ടാവുകയായിരുന്നു. ഇൗ കുറിപ്പ് റസാഖിെൻറ ജിദ്ദയിലുള്ള സുഹൃത്ത് ഷറഫിെൻറ ശ്രദ്ധയിൽപെട്ടതാണ് ഇതിനിടയാക്കിയത്. കുറിപ്പിൽ നൽകിയിരുന്ന സുബ്ഹാെൻറ നമ്പറിൽ ബന്ധപ്പെടുകയും റസാഖിനെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ നൽകുകയുമായിരുന്നു. തുടർന്ന് 30 വർഷത്തിന് ശേഷം സുഹൃത്തുക്കൾ ഫോണിലൂടെ എന്നേക്കുമായി നഷ്ടപ്പെെട്ടന്ന് കരുതിയ സൗഹൃദം പുതുക്കി.
ആദ്യം റസാഖിന്, തന്നെ ശബ്ദത്തിലൂടെ മനസ്സിലായില്ലെന്നും എന്നാൽ, ചില ഒാർമശകലങ്ങൾ എടുത്തിട്ടതോടെ അവെൻറ ഒാർമയിൽ തെൻറ രൂപം തെളിയുകയായിരുന്നെന്നും തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോൾ അവെൻറ ശബ്ദം ഇടറിപ്പോയെന്നും ഇബ്രാഹീം സുബ്ഹാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ റസാഖ് നാട്ടിൽ കച്ചവടവും കൃഷിയുമായി കഴിയുകയാണ്. റിയാദിൽ ഉള്ള സുബ്ഹാൻ നാട്ടിൽ എത്തി സുഹൃത്തിനെ കാണാനുള്ള ആഗ്രഹത്തിലാണ് ഇപ്പോൾ. നീണ്ട ഇടവേളക്ക് ശേഷം പ്രവാസത്തിലെ തണൽമരങ്ങളെ ഓർത്തെടുക്കാൻ അവസരമൊരുക്കി 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഹബീബി ഹബീബി' എന്ന പരിപാടിക്ക് സുബ്ഹാൻ നന്ദി പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.