ഉച്ചകോടികൾ ഗസ്സയിലെ അപകടകരമായ സാഹചര്യത്തോടുള്ള പ്രതികരണം -സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യം ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടികൾ ഗസ്സയിലെ അപകടകരമായ സാഹചര്യത്തോടുള്ളള്ള പ്രതികരണമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റിയാദിൽ നടക്കുന്ന അറബ് ഉച്ചകോടിയുടെ അസാധാരണ സമ്മേളനത്തിനുള്ള അറബ് വിദേശകാര്യ മന്ത്രിമാരുടെ ഒരുക്കവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉച്ചകോടി രാജ്യത്തിെൻറ അന്തർദേശീയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ബോധത്തിെൻറയും മനുഷ്യ ഐക്യദാർഢ്യത്തിെൻറയും തത്ത്വങ്ങൾക്ക് അനുസൃതമാണ്.
കിങ് സൽമാൻ റിലീഫ് സെൻറർ ഗസ്സയിലെ ജനതക്ക് ആശ്വാസം നൽകുന്നതിനായി ‘സാഹിം’ പ്ലാറ്റ്ഫോമിലൂടെ ഒരു ജനകീയ ധനസമാഹരണ കാമ്പയിൻ ആരംഭിച്ചു. ഫലസ്തീൻ സഹോദരങ്ങളുടെ മാനുഷിക കഷ്ടപ്പാടുകൾ ലഘൂകരിക്കാനും അവർക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യാനും സൗദി ഒരു അലംഭാവവും കാണിക്കില്ല. സുരക്ഷ കൗൺസിൽ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ എഴുന്നേറ്റുനിൽക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ആക്രമണത്തിന് അറുതി വരുത്തുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കുക, സൈനിക പ്രവർത്തനങ്ങൾ ഉടനടി നിർത്തുക, സിവിലിയന്മാർക്ക് സംരക്ഷണം നൽകുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി തീരുമാനം പുറപ്പെടുവിക്കാൻ ശ്രമിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും പൊതു മാനുഷിക തത്ത്വങ്ങൾക്കും അനുസൃതമായി ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗസ്സയിലെ ഉപരോധം പിൻവലിക്കാനും ദുരിതാശ്വാസ സഹായങ്ങളും അടിയന്തര മെഡിക്കൽ ഉപകരണങ്ങളും നിയന്ത്രണങ്ങളില്ലാതെ സുസ്ഥിരമായ രീതിയിൽ എത്തിക്കാൻ ആവശ്യമായ നടപടിയുണ്ടാകണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്ക് അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യം നാം കാണാതെ പോകരുത്.
തന്ത്രപരമായ ഒരു ഓപ്ഷനായി സമാധാനത്തോടുള്ള സൗദിയുടെ ചേർന്നുനിൽപ്പ് ആവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് മുതൽ ഈ പ്രതിസന്ധിക്ക് പരിഹാരം തേടുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ സഹോദരങ്ങളുമായും പങ്കാളികളുമായും കൂടിയാലോചിക്കാനും ഏകോപിപ്പിക്കാനുമുള്ള രാജ്യം നടത്തിയ തീവ്ര ശ്രമം മന്ത്രി ഊന്നിപ്പറഞ്ഞു. രക്തച്ചൊരിച്ചിൽ തടയുന്നതിനും സമാധാനത്തിനായി പ്രവർത്തിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ നിർണായക നടപടിയെ ഉത്തേജിപ്പിക്കുന്നതിന് ഈ ഉച്ചകോടി സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.