സുരേഷ് കുമാർ കളത്തിൽ സൗദിയോട് വിടപറഞ്ഞു
text_fieldsജുബൈൽ: രണ്ടുപതിറ്റാണ്ട് നീളുന്ന പ്രവാസത്തിന് വിരാമമിട്ട് എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമായ സുരേഷ് കുമാർ കളത്തിൽ സൗദിയോട് വിടപറഞ്ഞു. 2000ൽ ഒരു മെക്കാനിക്കൽ എൻജിനീയറായി സൗദിയിലെത്തിയ പാലക്കാട് നെമ്മാറ സ്വദേശി സുരേഷ് കുമാർ അക്ഷീണമായ പ്രയത്നത്തിലൂടെ എ.വൈ.ടി.ബി കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജറായി സേവനം അനുഷ്ഠിച്ചിട്ടാണ് സൗദിയിൽനിന്ന് യാത്രയായത്.
പിതാവ് നടത്തിയിരുന്ന ബിസിനസുകൾ താറുമാറായപ്പോൾ നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കുടുംബത്തെ കരകയറ്റാണ് സുരേഷ് കുമാർ പ്രവാസം തിരഞ്ഞെടുത്തത്. വിദേശജോലികളുടെ നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും അവയെല്ലാം ഒന്നൊന്നായി വഴുതിപ്പോയി. ഒടുവിൽ സൗദിയിലെ ഒരു കമ്പനിയുമായി നടത്തിയ ടെലിഫോൺ അഭിമുഖം ജീവിതത്തിൽ വഴിത്തിരിവായി. ആറുമാസങ്ങൾക്ക് ശേഷം നാട്ടിലേക്കു പോകാനായി സൗദിയിൽ എത്തിയ സുരേഷ്കുമാർ നീണ്ട 22 വർഷം ജുബൈലിലെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായാണ് മടങ്ങിയത്.
കഠിനപ്രയത്നവും ആത്മാർപ്പണവുംമൂലം ജോലിയിൽ പ്രവേശിച്ച് രണ്ടു വർഷത്തിനുള്ളിൽ കമ്പനിയുടെ പ്രോജക്ട് മാനേജറായി ജോലികയറ്റം ലഭിച്ചു. തുടർന്ന് എ.വൈ.ടി.ബിയുടെ 42 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നിരവധി അവാർഡുകൾ സ്ഥാപനത്തെ തേടിയെത്തി. കമ്പനിയുടെ വൈവിധ്യവത്കരണത്തിലും വളർച്ചയിലും സഹായിക്കാൻ പരമാവധി ശ്രമിച്ചു. ജോലിയിലെ മികവിനെ തുടർന്ന് ധാരാളം റിവാർഡുകൾ സുരേഷ് കുമാറിന് ലഭിച്ചു. പ്രോജക്ട് മാനേജറിൽനിന്ന് 12 പ്രധാന കമ്പനികളും 1500 ജീവനക്കാരും നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഡെപ്യൂട്ടി ജനറൽ മാനേജർ, ഓപറേഷൻസ് എന്ന നിലയിലേക്ക് വളർന്നു. ലോകോത്തര പെട്രോകെമിക്കൽ പ്രഫഷനലുകളുടെ നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സാധാരണക്കാരായ ജീവനക്കാരുമായി മികച്ച സൗഹൃദം സഥാപിക്കാൻ കഴിഞ്ഞു.
കമ്പനിയിലെ ഒരു മേലധികാരിയുമായുള്ള ഒരു യാദൃച്ഛിക കൂടിക്കാഴ്ചയും ഒരു പ്രഫഷനൽ വാദവും സുരേഷ്കുമാറിനെ ടോസ്്റ്റ്മാസ്റ്ററിൽ എത്തിച്ചു. പൊതുകാര്യങ്ങളിൽ ഇടപെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന സുരേഷിനെ സമൂഹ മധ്യത്തിലെത്തിച്ചത് ടോസ്്റ്റ്മാസ്റ്റർ ക്ലബ് ആണ്. അവിടത്തെ മികച്ച പ്രകടനത്തെ തുടർന്ന് അന്താരാഷ്്ട്ര മത്സരങ്ങൾക്കായി രാജ്യത്തിനകത്തും പുറത്തും ഏറെ സഞ്ചരിച്ചു. മികച്ച പ്രഭാഷകനായും പരിശീലകനായും മാറാനും ലോകരാജ്യങ്ങളെ കണ്ടറിയാനും അതുവഴി സാധിച്ചു. വിവിധ രാജ്യങ്ങളിലെ തൊഴിലുകൾ, ദേശീയത, സംസ്കാരം, ശീലങ്ങൾ, ഭക്ഷണം, സാഹിത്യം എന്നിവ മനസ്സിലാക്കാനും വിപുലമായ സൗഹൃദം സ്ഥാപിക്കാനും കാഴ്ചപ്പാട് വിശാലമാക്കാനും യാത്രകൾ വഴിവെച്ചു.
യാത്രാനുഭവങ്ങൾ ബ്ലോഗ് ആയി എഴുതാൻ തുടങ്ങിയതോടെ കൂടുതൽ ആളുകളിലേക്ക് സൗഹൃദം വ്യാപിക്കുകയും സൗദിയിലെയും ബഹ്റൈനിലെയും പത്രങ്ങളിൽ ലേഖനങ്ങൾ വരാനും തുടങ്ങി. അസോസിയേഷൻ ഓഫ് മലയാളി പ്രഫഷനൽസ് (ആംപ്സ്) ജുബൈൽ ഇന്ത്യൻ വിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരികളിൽ ക്വിസ് മാസ്്റ്ററായും നിരവധി പാഠ്യവിഷയങ്ങളിൽ പരിശീലകനായും ജുബൈലിൽ നിറഞ്ഞുനിന്ന സുരേഷ് കുമാർ സൗദിയിലെ സുന്ദരമായ ഓർമകളും വലിയൊരു സൗഹൃദവലയവും സ്ഥാപിച്ചാണ് മടങ്ങിയത്. ഭാര്യ: സ്നേഹ. മക്കൾ ശിഖ, ശ്രേയസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.