അങ്ങനെ സുട്ടു പൂച്ചയും പ്രവാസിയായി
text_fieldsറിയാദ്: കേരളത്തിൽനിന്ന് സൗദി അറേബ്യയിലേക്ക് തീർഥാടനത്തിനും തൊഴിലിനും ബിസിനസിനും വിനോദസഞ്ചാരത്തിനും മനുഷ്യർ വരുന്നുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ ഒരു പൂച്ചക്കുട്ടിയും വിമാനം കയറിവന്നാലോ? ആ അപൂർവതയാണ് കൊച്ചിയിൽനിന്ന് കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാനത്തിൽ കയറിയ ‘സുട്ടു’ എന്ന പൂച്ചയുടെ വിശേഷം. വിമാനത്തിനുള്ളിൽ കമനീയമൊരു ചെറിയ കൂടിനുള്ളിലിരുന്ന് റിയാദിലെത്തിയ സുട്ടുവും അങ്ങനെ പ്രവാസിയായി.
റിയാദിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി മിസ്ബാഹിന്റെ കുടുംബത്തോടൊപ്പമാണ് അവരുടെ വളർത്തുപൂച്ചയായ ഈ രണ്ടര വയസ്സുകാരനും കടൽ കടന്നത്.
ദുബൈയിലും ഖത്തറിലുമായി 20 വർഷം ജോലി ചെയ്ത മിസ്ബാഹ് കഴിഞ്ഞ രണ്ടു വർഷമായി റിയാദിലാണ്. ഇടക്ക് സന്ദർശന വിസയിലെത്തിയിരുന്ന കുടുംബം ഇപ്പോൾ സ്ഥിരതാമസത്തിനായി വന്നപ്പോഴാണ് പൂച്ചയേയും ഒപ്പം കൂട്ടിയത്. ഡിസംബർ 30നാണ് റിയാദിലെത്തിയത്.
സൗദിയിൽനിന്ന് നാട്ടിലേക്ക് പല കുടുംബങ്ങളും അവരുടെ വളർത്തുമൃഗങ്ങളെ കൊണ്ടുപോയിട്ടുണ്ടെങ്കിലും കേരളത്തിൽനിന്ന് നേരിട്ട് ഒരു വളർത്തുമൃഗത്തെ ഇങ്ങോട്ട് കൊണ്ടുവരുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് മിസ്ബാഹ് പറയുന്നു. അങ്ങനെ ഉറപ്പിച്ച് പറയാൻ കാരണമുണ്ട്.
സൗദിയിലേക്ക് വളർത്തുമൃഗങ്ങളെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കൊണ്ടുവരാൻ നേരത്തെ അനുവാദമുണ്ടായിരുന്നില്ല. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് മാത്രമായിരുന്നു അനുവാദം. അടുത്തകാലത്ത് കൊച്ചിയും ആ പരിധിയിൽ ഉൾപ്പെടുത്തി. അപ്പോഴും ഒരു നിബന്ധനയുണ്ട്, യാത്ര സൗദി എയർലൈൻസിലായിരിക്കണം.
സുട്ടുവിന് 25 ദിവസം പ്രായമുള്ളപ്പോഴാണ് മിസ്ബാഹിന്റെ കുടുംബത്തിലെത്തുന്നത്. 10,000 രൂപക്ക് വാങ്ങിയതാണ്. ഭാര്യ റജീനയും മകൻ റിഹാനും മകൾ ലിയാനയും കൂടി പൂച്ചയെ ഓമനിച്ച് വളർത്തി.
ഈ കാലത്തിനിടയിൽ കുടുംബം സന്ദർശനവിസയിൽ സൗദിയിലെത്തുേമ്പാഴെല്ലാം പൂച്ചയുടെ സംരക്ഷണം മറ്റുള്ളവരെ ഏൽപിച്ചാണ് പോന്നിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിരം ഫാമിലി വിസ കിട്ടിയപ്പോൾ സുട്ടുവിനെ ഉപേക്ഷിച്ചുപോരാൻ മനസ്സ് അനുവദിച്ചില്ല. വേറെ വളർത്തുമൃഗങ്ങളോ പക്ഷികളോ ഒന്നുമില്ല. ആകെ ഈ പൂച്ച മാത്രം.
ഈ രണ്ടര വർഷത്തിനിടയിൽ ഏറ്റവും പ്രിയപ്പെട്ട കുടുംബാംഗമായി മാറി. എത്ര വലിയ കടമ്പ കടന്നിട്ടായാലും കൂടെ കൂട്ടണമെന്ന തീരുമാനം അങ്ങനെയാണുണ്ടായത്. നടപടിക്രമങ്ങളും കടമ്പകളും ഏറെയായിരുന്നു. പെറ്റ് പാസ്പോർട്ട്, ക്വാറൻറീൻ ഡോക്യുമെന്റ്, സൗദി ഹെൽത്ത് അതോറിറ്റിയിൽനിന്നുള്ള ഡോക്യുമെന്റ് എന്നിവയെല്ലാം സംഘടിപ്പിച്ചു.
നല്ലൊരു കൂട്ടിനുള്ളിലാക്കി. മലമൂത്ര വിസർജനത്തിനുള്ള സൗകര്യവും അതിനുള്ളിൽ സജ്ജീകരിച്ചു. കൊച്ചി, റിയാദ് എയർപോർട്ടുകളിൽ ഇമിഗ്രേഷൻ, ബോഡി ചെക്ക് ഇൻ നടപടിക്രമങ്ങളെല്ലാം സുഗമമായി നടന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നെല്ലാം നല്ല സഹകരണം ലഭിച്ചു.
സൗദി എയർലൈൻസ് ഉദ്യോഗസ്ഥരുടെയും റിയാദ് എയർപോർട്ടിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഊഷ്മള സ്വീകരണമാണ് ലഭിച്ചതെന്ന് എടുത്തുപറയേണ്ടതാണെന്നും മിസ്ബാഹ് പറഞ്ഞു.
പൂച്ചയെ തലോടാനും ഓമനിക്കാനുമെല്ലാം അവർ മത്സരിച്ചു. കൂട് വിമാനത്തിനുള്ളിൽ സീറ്റിന്റെ അടുത്തുവെച്ച് തന്നെ കൊണ്ടുവരാനായി. യാത്രക്കാർക്കെല്ലാം വലിയ കൗതുകമായിരുന്നു. വിമാനത്തിലെ ജീവനക്കാർ വളരെ സ്നേഹവാത്സല്യങ്ങളാണ് കാണിച്ചത്. അവർ പൂച്ചയെ ഓമനിക്കാനെത്തി.
കേരളത്തിൽ ജനിച്ചുവളർന്ന സുട്ടു പൂച്ച ഇനി ശേഷകാലം സൗദിയിൽ പ്രവാസിയായി കഴിഞ്ഞുകൂടും. വീട്ടിനുള്ളിൽ തന്നെ ജീവിച്ച് ശീലമുള്ളതിനാൽ റിയാദിലെ ഫ്ലാറ്റ് അവനൊരു പ്രശ്നമായി തോന്നിയില്ലെന്നും എന്നാൽ കോഴിക്കോട്ടെ വീട്ടിലും പരിസരത്തിലേയും ചില കാഴ്ചകൾ മിസ് ചെയ്യുന്നതുപോലെ അവന്റെ പെരുമാറ്റത്തിൽനിന്ന് മനസ്സിലാകുന്നുണ്ടെന്നും മിസ്ബാഹ് പറഞ്ഞു.
വീടിന്റെ സിറ്റൗട്ടിൽവന്നുനിന്ന് പുറത്തെ കാഴ്ചകളെയും മറ്റ് പൂച്ചകളെയും കാക്കകളേയുമൊക്കെ നോക്കിനിൽക്കൽ അവന്റെ പതിവായിരുന്നു. അതായിരിക്കണം മിസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.