നാടുകടത്തൽ കേന്ദ്രങ്ങളിൽനിന്ന് നാട്ടിൽ പോകുന്നവർക്ക് എയർ സുവിധ രജിസ്ട്രേഷൻ വേണ്ട
text_fieldsജിദ്ദ: സൗദിയില്‍ നിയമ ലംഘകരായി പിടിക്കപ്പെട്ട് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്ട്രേഷനും വാക്സിന് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇത്തരക്കാര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റിവ് റിസൽറ്റ് മാത്രം മതിയാകും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാനിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇളവ് ലഭ്യമാക്കിയത്. ഇന്ത്യന്‍ എംബസിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്ത്യയില്‍ പ്രാബല്യത്തിലായ കേന്ദ്ര കോവിഡ് യാത്രാനയം അനുസരിച്ച് വിദേശത്തുനിന്ന് നാട്ടിലേക്ക് പോകുന്നതിന് വാക്സിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
യാത്രക്കാര്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എയര്‍സുവിധയില്‍ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ വിമാന കമ്പനികള്‍ ബോർഡിങ് പാസ് അനുവദിക്കുകയുള്ളൂ. ഈ നിബന്ധന സൗദിയില്‍ നിയമലംഘകരായി പിടികൂടിയ തടവുകാര്‍ക്കും ബാധകമാണെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന യാത്രക്കാരുടെ മടക്കം പ്രതിസന്ധിയിലുമായിരുന്നു. എന്നാല്‍ എംബസിയുടെ പുതിയ നിർദേശപ്രകാരം ഇത്തരക്കാര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റും എയര്‍സുവിധ രജിസ്ട്രേഷനും ആവശ്യമില്ല. പകരം നെഗറ്റിവ് ആര്.ടി.പി.സി.ആര് ഫലം ഉണ്ടായാല്‍ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.