കേരളം അന്യായമായി കേന്ദ്ര സർക്കാറിനാൽ അവഗണിക്കപ്പെടുന്നു -ടി. സിദ്ദീഖ്
text_fieldsറിയാദ്: കേരളം അന്യായവും നീതിരഹിതവുമായി കേന്ദ്ര സർക്കാറിനാൽ അവഗണിക്കപ്പെടുകയാണെന്നും ഇപ്പോൾ കേന്ദ്രബജറ്റിൽ കണ്ടത് അതാണെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എ. ചൂരൽമല ദുരന്തത്തിലും എയിംസിന്റെ കാര്യത്തിലും ഇതേ അവഗണനയാണ് കേരളം നേരിടുന്നത്. ഇങ്ങനെയുള്ള അവഗണനക്കും അനീതിക്കുമെതിരെ കേരള സർക്കാറിനോടൊപ്പം പടപൊരുതാൻ യു.ഡി.എഫ് തയാറാണ്. കേന്ദ്രസർക്കാറിന്‍റെ വീഴ്ചയെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനിന്നാണ് എതിർക്കുന്നത്. എന്നാൽ കേരള സർക്കാറിന്‍റെ വീഴ്ചയെ ആ നിലക്കും യു.ഡി.എഫ് ശക്തമായി നേരിടുമെന്നും ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൂരൽമലയിൽ ഉരുൾപൊട്ടലിൽ കാണാതായ മനുഷ്യർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന് തലേദിവസം അവസാനിപ്പിച്ചതാണ്. പിന്നീടൊന്നുമുണ്ടായില്ല. ഇന്നിപ്പോൾ 32 മനുഷ്യരെയാണ് കാണാൻ ബാക്കിയുള്ളത്. അവർ മരിച്ചതായി ഡിക്ലയർ ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ അവരുടെ ഉറ്റവരെ ഒന്ന് വിളിച്ചിരുത്തി ആശ്വസിപ്പിക്കാൻ പോലും കേരള സർക്കാർ പിന്നീടൊന്നും ചെയ്തില്ല. ഇങ്ങനെ ദുരിതബാധിതരോട് വൈകാരികമായും ഭരണപരമായും വീഴ്ചകൾ കേരള സർക്കാരിനുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനമല്ലാതെ കേന്ദ്രസർക്കാരിൽ നിന്ന് വേറൊന്നുമുണ്ടായില്ല. കണ്ണിൽ ചോരയില്ലാത്ത അവഗണനയാണ് അവിടെനിന്നുണ്ടായത്.
ഇടതുഭരണത്തിന്റെ രണ്ടാഘാതങ്ങൾ പതിറ്റാണ്ട് ശ്രമിച്ചാലും തിരിച്ചു പിടിക്കാനാവാത്ത വിധം കേരളത്തെ ആപത്തിലെത്തിച്ചിരിക്കുകയാണെന്ന വസ്തുതയും കാണാതിരുന്നുകൂടാ. അതീവ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളായി മാറിയിരിക്കുകയാണ് അവ. ലഹരിയുടെ ഇടമായി കേരളം മാറിയതാണ് ഒന്ന്. രണ്ട് യുവതലമുറയുടെ വിദേശകുടിയേറ്റമാണ് രണ്ടാമത്തേത്. ഇത് രണ്ടും കേരളത്തിന്റെ സാമൂഹിക പ്രതലത്തിലേൽപിച്ചിരിക്കുന്ന ആഘാതത്തെ മനസിലാക്കാനോ അതിന് പരിഹാരം കാണാനുള്ള പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാനോ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ല.
മലയോര സംരക്ഷണ യാത്ര ശക്തമായി ഇത്തരം വിഷയങ്ങളെല്ലാം ഉന്നയിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തുടരുകയാണ്. കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി ആ ജാഥക്കൊപ്പമാണ്. യു.ഡി.എഫ് മൊത്തം അതിന് പിന്തുണ നൽകുകയാണ്. ഇടതുഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങളൊന്നാകെ അതിനൊപ്പമാണ്. എന്നാൽ കോൺഗ്രസിൽ എന്തൊക്കെയോ പ്രശ്നങ്ങളാണെന്ന് ഇടതുസർക്കാർ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇഷ്ടാനുസരണം നരേഷൻ നിർമിക്കുകയാണെന്നും അതിന് നികേഷ് കുമാറിനെയും ജോൺ ബ്രിട്ടാസിനെയും ഉപയോഗിക്കുകയാണെന്നും ടി. സിദ്ദീഖ് ആരോപിച്ചു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 14-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ റിയാദിലെത്തിയതാണ് ടി. സിദ്ദീഖ് എം.എൽ.എ. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാടുകുന്ന്, റഷീദ് കൊളത്തറ, സുരേഷ് ശങ്കർ, സക്കീർ ദാനത്ത് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.