ടി20 ക്രിക്കറ്റ്; സൗദിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ മലയാളി സിദ്ധാർഥ് ശങ്കറും
text_fieldsയാംബു: ടി20 ക്രിക്കറ്റിനു വേണ്ടിയുള്ള സൗദി അറേബ്യയുടെ അന്താരാഷ്ട്ര ടീമിൽ മലയാളിയും. തൃശൂർ സ്വദേശിയായ സിദ്ധാർഥ് ശങ്കറാണ് 2026ൽ നടക്കാൻ പോകുന്ന ഐ.സി.സി ടി20 പുരുഷ ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള സൗദി ടീമിന്റെ ഭാഗമായി യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഖത്തർ ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബഹ്റൈനുമായി നടന്ന യോഗ്യത മത്സരത്തിൽ സൗദിക്കുവേണ്ടി സിദ്ധാർഥ് ശങ്കറും ജഴ്സിയണിഞ്ഞിരുന്നു.
ഖത്തർ, സൗദി അറേബ്യ, ഭൂട്ടാൻ, ബഹ്റൈൻ, തായ്ലൻഡ്, യു.എ.ഇ, കമ്പോഡിയ എന്നീ ഏഴ് ടീമുകളാണ് യോഗ്യത മത്സരങ്ങളിൽ മാറ്റുരച്ചത്.
ഖത്തറുമായി നടന്ന അവസാന റൗണ്ട് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും നല്ല പ്രകടനം കാഴ്ചവെക്കാൻ സൗദി ടീമിന് കഴിഞ്ഞു. ഈ മാസം 19ന് യു.എ.ഇയിലെ ഐ.സി.സി അക്കാദമിയിൽ നടന്ന ജി.സി.സി ഗൾഫ് കപ്പ് മത്സരത്തിൽ സൗദി ടീമിന് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് സിദ്ധാർഥ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുത്ത യു.എ.ഇ, ഒമാൻ ടീമുകളെ തോൽപിച്ച സൗദി ക്രിക്കറ്റ് ടീമിന് ഏറെ മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. യാംബുവിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ ഇന്തോ റൈഡേഴ്സ് ക്രിക്കറ്റ് ക്ലബ് വഴിയാണ് സിദ്ധാർഥ് ശങ്കർ സൗദിയിലെത്തുന്നത്.
ഈ ക്ലബ്ബിന്റെ ഭാഗമായാണ് സൗദി മണ്ണിൽ ആദ്യമായി കളിക്കുന്നത്. ക്ലബ് സാരഥികൾകൂടിയായ തിരുവനന്തപുരം സ്വദേശികളായ അൽ ജസാം അബ്ദുൽ ജബ്ബാർ, അൽ സജാം അബ്ദുൽ ജബ്ബാർ, അൽ ജസിം അബ്ദുൽ ജബ്ബാർ, ജാഫർ ജമാൽ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് കേരളത്തിൽ പ്രമുഖ ക്രിക്കറ്റ് ടീമുകളിൽ അംഗമായിരുന്ന സിദ്ധാർഥ് ശങ്കറിനെ സൗദിയിലും തിളങ്ങാൻ സഹായിച്ചത്.
ക്ലബ്ബിന്റെ വിവിധ ക്രിക്കറ്റ് മത്സരങ്ങളിൽ ബാറ്റ് പിടിച്ച സിദ്ധാർഥ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗദിയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി ഉയർത്താൻ ഇത് സഹായിച്ചു. അങ്ങനെയാണ് സൗദി അന്താരാഷ്ട്ര ടീമിൽ ഇടം കിട്ടാൻ വഴിയൊരുങ്ങിയത്. ‘സൗദി ഇന്റർസിറ്റി ടൂർണമെന്റ് 2022-23’ൽ യാംബു മേഖലക്ക് വേണ്ടി സിദ്ധാർഥ് ശങ്കർ കളിച്ചിരുന്നു.
ആ ടൂർണമെന്റിലെ ബെസ്റ്റ് െപ്ലയറായതും സ്വീകാര്യതക്ക് ആക്കംകൂട്ടി. മലയാളി ക്രിക്കറ്റ് താരത്തിന് സൗദി ടീമിന്റെ ഭാഗമായത് പ്രവാസി മലയാളികളടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ അഭിമാനം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.