റമദാനിൽ തഹ്ലിയ ഉറങ്ങുന്നില്ല
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ആഡംബര തെരുവായ തഹ്ലിയക്ക് റമദാനിൽ ഉറക്കമില്ല. ഇഫ്താറിന് ശേഷം ഉണരുന്ന തഹ്ലിയയെ പ്രഭാത പ്രാർഥന സമയം വരെ ആളുകൾ ഉറക്കില്ല. തെരുവ് കലാകാരന്മാരുടെയും സന്ദർശകരുടെയും വൈവിധ്യങ്ങളാൽ ശ്രദ്ധയാകർഷിക്കുന്ന തെരുവിന് റമദാനിൽ പ്രത്യേക ചാരുതയാണ്. റമദാൻ മാസപ്പിറവിയുണ്ടായാൽ തഹ്ലിയയിലെ സ്ഥാപനങ്ങളും പാതയോരവും വർണവിളക്കിലും റമദാൻ കാലിഗ്രാഫി വരഞ്ഞ തോരണങ്ങളിലും തിളങ്ങും. ലോകത്തിലെ പ്രധാന റസ്റ്റാറന്റുകളുടെയും കഫേകളുടെയും വലിയ ശാഖകളുള്ള തഹ്ലിയയിലേക്ക് റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെത്തും. പുറംരാജ്യങ്ങളിൽ നിന്നും സൗദിയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും റിയാദിലേക്ക് സന്ദർശനത്തിനായി എത്തുന്നവരും നഗരത്തിലെ റമദാൻ സ്പന്ദനം അറിയാൻ ആദ്യമെത്തുന്ന തെരുവുകളിലൊന്നാണ് ഇവിടം.
റസ്റ്റാറന്റ്, കഫെ എന്നിവക്ക് പുറമെ ഷോപ്പിങ് മാളുകളും ഗെയിം സെന്ററുകളും ബ്യൂട്ടിപാർലറുകളും ഹെൽത്ത് ക്ലബ്ബും തുടങ്ങി എല്ലാ സൗകര്യങ്ങളും സേവനകളുമുള്ള തെരുവിലേക്ക് സന്ദർശകരെ എത്തിക്കുന്നത് ഇവിടത്തെ എപ്പോഴും സജീവമായ അന്തരീക്ഷമാണ്. വാരാന്ത്യങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് പുലരുവോളം. ഈദ് ആഘോഷത്തിനായുള്ള ഷോപ്പിങ് ആരംഭിച്ചതോടെ റമദാൻ അവസാന പത്തിൽ തഹ്ലിയ കൂടുതൽ സജീവമാണ്. ബത്ഹ സിറ്റി സെന്ററിൽനിന്ന് 15 മിനിറ്റ് യാത്ര ചെയ്താലെത്തുന്ന ഒലയ നഗര കേന്ദ്രത്തോട് ചേർന്നുള്ള തെരുവ് നഗരത്തിന്റെ മിടിപ്പറിയുന്ന ഇടം കൂടിയാണ്. അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽ-അവ്വൽ റോഡിൽ നിന്ന് ശാഖകളായി ഒലയയെ മുറിച്ചുകൊണ്ട് സുലൈമാനിയ പ്രദേശത്തെ അമീർ അബ്ദുൽ അസീസ് ബിൻ മൊസാദ് ബിൻ ജലാവി സ്ട്രീറ്റിൽ അവസാനിക്കുന്ന തെരുവ് ഫ്രാൻസിലെ ചാംപ്സ് എലിസീസ് ഉൾപ്പടെ ലോകത്തിലെ വിഖ്യാത തെരുവുകളോട് സാമ്യമുള്ളതാണ്.
ഭക്ഷണത്തിനും മറ്റ് ആസ്വാദനത്തിനും ചെലവ് ഏറെയാണെങ്കിലും തഹ്ലിയ തെരുവിന്റെ അന്തരീക്ഷം ആസ്വദിക്കാനും അവിടെ സമയം ചെലവിടാനും ചില്ലിക്കാശിന്റെ ചെലവില്ല. കേരളത്തിൽ അവധി ആരംഭിച്ചതോടെ കുടുംബങ്ങൾ നാട്ടിൽനിന്ന് കൂട്ടത്തോടെ എത്തുന്ന സമയമാണ്. ചെലവില്ലാതെ രാജ്യത്തിന്റെ ആഡംബരം കണ്ടാസ്വദിക്കാനുള്ള ഇടംകൂടിയാണ് തഹ്ലിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.