ആഗോള ശ്രദ്ധയാകർഷിച്ച് ത്വാഇഫിലെ റോസാപ്പൂ വസന്തോത്സവം
text_fieldsയാംബു: സൗദിയിലെ പ്രധാന വിനോദസഞ്ചാരമേഖലയും കാർഷിക മേഖലയുമായ മക്ക പ്രവിശ്യയിലെ ത്വാഇഫിലെ 19- മത് റോസാപ്പൂക്കളുടെ വസന്തോത്സവത്തിന് തുടക്കമായപ്പോൾ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. ത്വാഇഫ് റോസാപ്പൂ മേളയുടെ ഉദ്ഘാടനം ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് കഴിഞ്ഞ ആഴ്ച നിർവഹിച്ചതോടെ സന്ദർശകരുടെ ശ്രദ്ധ ഇങ്ങോട്ടാണ്. ത്വാഇഫ് പരിസ്ഥിതി, ജല ,കൃഷി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള പ്രദേശത്തെ കർഷകരുടെകൂടി ഉത്സവമാണ്. മേളയോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.മേയ് 7 മുതൽ 14 വരെയാണ് റോസാപ്പൂ വസന്തോത്സവത്തിന്റെ മുഖ്യമായ ഉത്സവമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ത്വാഇഫിലെ വിവിധ ഭാഗങ്ങളിലുള്ള 270 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 910 റോസ് ഫാമുകളിൽ നിന്നായി 550 ദശലക്ഷത്തിലധികം പൂക്കളാണ് ഉൽപാദിപ്പിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഇവയുടെ മൂല്യം 64 ദശലക്ഷം റിയാൽ ആയി കണക്കാക്കുന്നു.
ത്വാഇഫിലെ റോസ് ഫാമുകൾ ഇപ്പോൾ ആഗോള സുഗന്ധ ഉൽപാദന കേന്ദ്രമായി അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. റോസാപ്പൂ വസന്തത്തിന് ആഗോളതലത്തിൽ പേരുകേട്ട ത്വാഇഫിൽ വിളവെടുപ്പുകാലത്ത് നടക്കുന്ന പുഷ്പമേള കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് സന്ദർശകരുടെ വർധിച്ച വരവുണ്ടാവും. മാർച്ച്, ഏപ്രിൽ മാസങ്ങളാണ് ത്വാഇഫിലെ റോസ് സീസൺ. പർവതനിരകളായ അൽ ശഫ, അൽ ഹദ, ബനു സഅദ്, അന്നുഹദ മേഖലകളിൽ കൃഷി ചെയ്യുന്ന സുഗന്ധമുള്ള റോസ് ഫാമുകളിലേക്കാണ് സീസണിൽ സന്ദർശകർ കൂടുതൽ എത്താറുള്ളത്. ആഗോളതലത്തിൽ തന്നെ വിപണിയിൽ ഏറ്റവും വിലകൂടിയ റോസാപ്പൂ തൈലവും മറ്റു ഉൽപന്നങ്ങളും ത്വാഇഫിൽ നിന്ന് നിർമിക്കുന്നു. നഗരിയിലെ 2,500 മീറ്റർ ഉയരത്തിലുള്ള ഗിരിമേഖലയിൽ വാദി മഹ്റം, അൽ ഹദ, അൽ ശഫ തുടങ്ങിയ താഴ്വരകളിലാണ് പിങ്ക് നിറത്തിലുള്ള റോസാപ്പൂ കൃഷികൾ വ്യാപകമായി നടക്കുന്നത്. മിഡിൽ ഈസ്റ്റിലെ റോസ് സുഗന്ധ വസ്തുക്കളുടെ മുഖ്യ നിർമാതാവായി ത്വായിഫ് കണക്കാക്കപ്പെടുന്നു.
30 ഇതളുകളുള്ള പിങ്ക് റോസ് ത്വാഇഫിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഇവയിൽ നിന്ന് റോസ് വാട്ടർ, റോസ് ഓയിൽ,റോസ് പെർഫ്യൂം എന്നിവ ഉൽപാദിപ്പിക്കുന്നു. റോസാപ്പൂ ഉത്പന്നങ്ങൾക്കായുള്ള 20 തിലേറെ ഫാക്റ്ററികൾ ഇവിടെയുണ്ട്. പിങ്ക് റോസ് പൂക്കളിൽ നിന്ന് 70 ലധികം ഉത്പ്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ വസ്തുക്കൾ വിവിധ ഫാക്ടറിയിൽ നിന്നും ഉൽപാദിപ്പിക്കുന്നതും ത്വാഇഫിലെ വേറിട്ട കാഴ്ചയാണ്. ഇവിടുത്തെ അപൂർവ റോസാപ്പൂ കൃഷിക്കും അതിന്റെ വൈവിധ്യങ്ങളായ മേത്തരം ഉൽപന്നങ്ങൾക്കും രാജ്യത്തെ കാർഷിക മന്ത്രാലയവും മറ്റ് വിവിധ സർക്കാർ ഏജൻസികളും വർധിച്ച പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്. 2005 മുതൽ പൂക്കളുടെ വിളവെടുപ്പ് കാലത്തോടനുബന്ധിച്ച് റോസ് ഫെസ്റ്റിവൽ നടന്നുവരുന്നുണ്ട്. മേളയോടനുബന്ധിച്ച് ലൈറ്റ് ഷോ, റോസാ പൂ ഉലൽപന്നങ്ങളുടെ പ്രദർശനവും വിപണനവും, ഭക്ഷ്യമേള, കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ ഒരുക്കുന്നതായും സംഘാടകർ അറിയിച്ചു. വർണാഭമായ പുഷ്പമേളയും റോസാ പൂക്കളുടെ വൈവിധ്യമാർന്ന കാഴ്ച്കളും കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് സഞ്ചാരികളുടെ വർധിച്ച വരവ് ഈ വർഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.