കോവിഡ് വാക്സിനെടുക്കുക, മഹാമാരിയെ തുരത്തുക
text_fieldsകോവിഡ് പ്രതിരോധ വാക്സിനെടുക്കുന്നതിനുവേണ്ടി സൗദി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ മാതൃകപരം. പതിനായിരക്കണക്കിനാളുകളാണ് റിയാദ് എക്സ്പോയിൽ വാക്സിനുവേണ്ടി വരുന്നത്. വാക്സിനെടുക്കാൻ വരുന്ന ആളുകളെ സ്വീകരിക്കാൻ ചെറുപ്പക്കാരായ സൗദി യുവാക്കൾ വളരെ സന്തോഷത്തോടെ തയാറായി നിൽക്കുന്നു. എല്ലാം സൗജന്യം. വാക്സിൻ എടുത്തുകഴിഞ്ഞാൽ പത്തു മിനിറ്റ് അവിടെ ചെലവഴിക്കണം. ആ സമയത്ത് ജ്യൂസ്, വെള്ളം എന്നിവ നമ്മുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
രാജ്യത്തുള്ള ഏതൊരു പൗരനും, സ്വദേശിയാണോ വിദേശിയാണോ എന്ന പരിഗണനയില്ലാതെ എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്ന ഈ രാജ്യം ഒരത്ഭുതംതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രാജ്യം മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാവുന്നതും. റിയാദ് എക്സ്പോയിലുള്ള വാക്സിൻ സെൻററിൽ എത്തിയപ്പോഴുള്ള അനുഭവം ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. ഫൈസർ വാക്സിനാണ് എനിക്ക് അനുവദിച്ചത്. മറ്റു സ്ഥലങ്ങളിലെല്ലാം ആസ്ട്രസെനിക്ക വാക്സിനാണ് ലഭ്യമാകുന്നത്.
എന്നാൽ, ഫൈസർ വാക്സിൻ റിയാദ് എക്സ്പോയിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. രണ്ടു വാക്സിനുകളും പ്രശ്നങ്ങളില്ലാത്തതാണ്. പല മലയാളി പ്രവാസികളും മറ്റുള്ളവർ എടുക്കട്ടേ നമ്മൾക്ക് അവസാനം എടുക്കാം എന്ന മനഃസ്ഥിതിക്കാരാണ്. എന്നാൽ, വരുംകാലങ്ങളിൽ പ്രവാസ ലോകത്തുനിന്ന് പോകണമെങ്കിൽ വാക്സിൻ എടുത്തേ മതിയാവുകയുള്ളൂ എന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കേണ്ടതാണ്. വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് വരുമ്പോൾ പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല എന്ന് സർക്കാർതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വാക്സിനെടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കുന്നതിനു വേണ്ടി ശ്രമിക്കണം. വാക്സിനെടുത്തിട്ട് ആർക്കും ഇതുവരെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന കാര്യംകൂടി എല്ലാവരും ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ വാക്സിനെടുത്ത് കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് നേരിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.