വിസ റദ്ദാക്കിയത് അറിഞ്ഞില്ല, നിയമക്കുരുക്കിലായി തമിഴ്നാട് സ്വദേശി
text_fieldsറിയാദ്: 16 വർഷമായി കൃഷിത്തോട്ടത്തിൽ (മസ്റ) ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി ദാമോദരൻ കുടുങ്ങിയത് അയാളറിയാതെ സ്പോൺസർ വിസ റദ്ദാക്കിയത് മൂലം. ഒടുവിൽ നാടണയാൻ റിയാദിലെ കേളി കലാ സാംസ്കാരിക വേദി തുണയായി. 2008ലാണ് ദാമോദരൻ അൽഖർജിൽ കൃഷിത്തോട്ടത്തിൽ ജോലിക്കെത്തിയത്. അന്ന് മുതൽ പാസ്പോർട്ടും ഇഖാമയും സ്പോൺസറുടെ കൈയിലായി. മൂന്നു വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുന്ന സമയത്ത് ടിക്കറ്റ് സഹിതം എയർപോർട്ടിൽ വെച്ച് സ്പോൺസർ പാസ്പോർട്ട് കൈമാറുന്നതായിരുന്നു പതിവ്. അത്തരത്തിൽ മൂന്നു തവണ നാട്ടിൽ പോയിവന്നു.
2017ലാണ് അവസാനമായി നാട്ടിൽ പോയത്. പിന്നീട് കോവിഡ് കാലത്ത് ജോലിക്ക് പ്രതിസന്ധി നേരിടുകയും സ്പോൺസർ കൃഷിത്തോട്ടം അടച്ചുപൂട്ടുകയും ചെയ്തു. മാത്രമല്ല ദാമോദന്റെ വിസ റദ്ദാക്കി ഫൈനൽ എക്സിറ്റ് അടിക്കുകയും ചെയ്തു. ഇക്കാര്യം ദാമോദരൻ അറിഞ്ഞിരുന്നില്ല. കൃഷിത്തോട്ടത്തിലെ ജോലി ഇല്ലാതായെങ്കിലും വിസയുണ്ടെന്ന ധാരണയിൽ ദാമോദരൻ പലവിധ ജോലികൾ ചെയ്ത് കഴിഞ്ഞുവരികയായിരുന്നു. 2022ൽ നാട്ടിൽ പോകാനായി സ്പോൺസറെ സമീപിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുത്തു. തുടർന്ന് ടിക്കറ്റിനും റീ-എൻട്രി വിസക്കുമായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചപ്പോഴാണ് വിസ നിലവിലില്ലെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. പകച്ചുപോയ ദാമോദരൻ ഇനി എന്തു ചെയ്യണമെന്നറിയാതെ കഴിഞ്ഞുകൂടുകയായിരുന്നു.
ഇതിനിടയിലും ജീവിത ചെലവുകൾക്കായി ജോലികൾ ചെയ്തുപോന്നു. ഒരു വർഷത്തിന് ശേഷമാണ് സുഹൃത്തുക്കൾ മുഖേന നിയമ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുന്നത്. അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
എക്സിറ്റ് ലഭിച്ച ശേഷം നാട് വിടാത്തതിനാൽ 1000 റിയാൽ പിഴ അടക്കേണ്ടി വന്നു. കേളി പ്രവർത്തകർ പിഴ അടക്കുന്നതിന്ന് വേണ്ട സഹായങ്ങൾ നൽകി. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ പുതിയ എക്സിറ്റ് വിസ നേടുകയും ചെയ്തു. ലഭിച്ച സഹായങ്ങൾക്ക് നന്ദി പറഞ്ഞ് ദാമോദരൻ ഏഴു വർഷത്തിന് ശേഷം നാടണഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.