തൊഴിൽ പ്രശ്നങ്ങളിൽ ദുരിതത്തിലായ തമിഴ്നാട് സ്വദേശിനിയെ നാട്ടിലയച്ചു
text_fieldsറിയാദ്: ഗാർഹിക ജോലി വിസയിലെത്തി നാല് വർഷമായി തൊഴിൽ പ്രശ്നങ്ങളിൽപെട്ട് കഴിഞ്ഞിരുന്ന തമിഴ്നാട് ട്രിച്ചി സ്വദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ചു. തൊഴിലുടമയിൽനിന്ന് നിരന്തര ബുദ്ധിമുട്ടുകൾ അനുഭവിച്ച ഇവരെ പാസ്പോർട്ട്, ഇഖാമയുൾപ്പെടെയുള്ള രേഖകളെല്ലാം പിടിച്ചുവെച്ച് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. ശേഷം തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന കേസിൽ (ഹുറൂബ്) പെടുത്തി തൊഴിലുടമ നിയമക്കുരുക്കിലാക്കുകയും ചെയ്തു.
അതോടെ നിരാലംബയായ ഇവർ ഒരു വർഷമായി ബന്ധുവിന്റെ സംരക്ഷണയിൽ കഴിയുകയായിരുന്നു. റിയാദിലെ സംഘടനയായ 'സൗദി പ്രവാസി കുടുംബം' ഇവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് നാട്ടിലയക്കാനുള്ള നടപടികൾ തുടങ്ങുകയായിരുന്നു.
റിയാദിലെ സാമൂഹിക പ്രവർത്തകരായ ഷബീർ കളത്തിൽ, നെബീൽ കല്ലമ്പലം എന്നിവരും സൗദി പ്രവാസി കുടുംബം വളന്റിയർമാരും ചേർന്ന് രണ്ടു മാസമായി നിരന്തര ഇടപെടലിലൂടെ ഇന്ത്യൻ എംബസി, ജവാസത്ത്, തർഹീൽ എന്നിവിടങ്ങളിൽനിന്ന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുകയും ഇവരെ നാട്ടിലയക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് സഹായവും ഉപദേശ നിർദേശങ്ങളും നൽകി സഹകരിച്ച റിയാദിലെ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, യൂസുഫ് പെരിന്തൽമണ്ണ, ദമ്മാമിലെ സാമൂഹിക പ്രവർത്തകനായ വെങ്കിടേഷ്, റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും സൗദി പ്രവാസി കുടുംബം പ്രത്യേകം നന്ദി അറിയിച്ചു. സൗദി പ്രവാസി കുടുംബം കമ്മിറ്റി ഭാരവാഹികളായ നജീബ് വേങ്ങര, ജലീൽ കണ്ണൂർ, ഹാസിഫ് കളത്തിൽ, മുസ്തഫ ആതവനാട്, സുൽത്താൻ വേങ്ങര, ഫൈസൽ വേങ്ങര, സ്വാലിഹ് തിരൂർ , മുജീബ് പാലക്കാട്, സഹൽ വേങ്ങര, ജലീൽ മമ്പാട് എന്നിവർ ഇവരെ യാത്രയാക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.