ഖുർആൻ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥം -സലീം മമ്പാട്
text_fieldsജിദ്ദ: ഭൂമിയിലേക്ക് അല്ലാഹു നല്കിയ ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് ഖുര്‍ആനെന്നും ജാതി, മത വ്യത്യാസമില്ലാതെ അത് മുഴുവൻ മനുഷ്യരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്നുണ്ടെന്നും പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട്. ‘ഖുര്‍ആന്‍ പഠിക്കാം, ജീവിത വിജയം നേടാം’ തലക്കെട്ടിൽ തനിമ ജിദ്ദയിൽ നടത്തിയ കാമ്പയിന് സമാപനം കുറിച്ച് നടന്ന മഹാസമ്മേളനത്തിൽ ‘വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തില്‍’ എന്ന വിഷയമവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൗതികലോകത്തിന്റെ ഭ്രമാത്മകതയില്‍ പെട്ട് ജീവിതം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഖുര്‍ആന്‍ ജീവിതത്തില്‍ പ്രയോഗവത്കരിക്കുകയാണെങ്കില് ആയിരം മാസം കൊണ്ട് നേടേണ്ട കാര്യം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നേടാന്‍ കഴിയുമെന്നും പ്രവാചകന് തന്നെ അതിന് സാക്ഷിയാണെന്നും അദ്ദേഹം സമർഥിച്ചു. 23 വര്‍ഷം കൊണ്ട് വലിയ നാഗരികത സൃഷ്ടിക്കാന്‍ ഖുര്‍ആന്‍ സാധിച്ചത് അതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യന്‍ ജനതയുടെ മലീമസമായ ജീവിതത്തെ പ്രശോഭിതമാക്കിയത് ഖുര്‍ആന്റെ വെളിച്ചം കൊണ്ടായിരുന്നുവെന്നും വായിക്കാനുള്ള ഖുര്‍ആന്റെ കല്പനയാണ് അതിന് നിമിത്തമായതെന്നും പ്രശസ്ത പണ്ഡിതൻ ഡോ. ആര്. യൂസുഫ് അഭിപ്രായപ്പെട്ടു. സംസാര ഭാഷയെ അവലംബിച്ച് ജീവിച്ചിരുന്ന ജനതക്ക് നാഗരിക സംഭാവനകള്‍ നല്കാന് സാധിച്ചിരുന്നില്ല. കാരണം ഒരേ കഥ തന്നെ നൂറുകണക്കിന് കഥകളായി അത് ഉദ്ധരിക്കപ്പെടുകയും മിത്തുകളായി മാറുകയും ചെയ്യും. പ്രാചീന അറബികള്‍ ഇത്തരത്തിലുള്ള ജനതയായിരുന്നുവെങ്കിലും ഖുര്‍ആന്‍ അവതീര്ണമായതിലൂടെ അവര്‍ക്ക് നാഗരിക സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിച്ചതായും ആര്. യൂസുഫ് പറഞ്ഞു.
സനാഇയ്യ ജാലിയാത്ത് ഡയറക്ടര്‍ അബ്ദുല്ല സഈദ് സഹ്റാനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ സ്വര്‍ഗീയ ആരാമമാണ് ഖുര്‍ആന്‍ പഠന സദസ്സെന്ന് അദ്ദേഹം പറഞ്ഞു. തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഫസല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദി കേന്ദ്ര പ്രസിഡന്റ് നജ്മുദ്ദീന് സമാപന പ്രസംഗം നടത്തി. ജാലിയാത്ത് പ്രതിനിധി അബ്ദുല്‍ അസീസ് ഇദ് രീസ് ആശംസ നേർന്നു. കാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്.എസ്. അബ്ദുല്‍ ജലീല്‍ സ്വാഗതവും അബ്ദുൽ റഷീദ് കടവത്തൂര്‍ നന്ദിയും പറഞ്ഞു. നദീം നൂരിഷാ ഖിറാഅത്ത് നടത്തി.
ഒന്നര മാസം നീണ്ട കാമ്പയിനിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിൽ ജിദ്ദ പ്രവാസി സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നായി വൻജനാവലി സംബന്ധിച്ചു. സൗദിയിലേയും കേരളത്തിലെയും പ്രഗല്ഭ ഇസ്ലാമിക പണ്ഡിതന്മാരും വാഗ്മികളും സമ്മേളനത്തിൽ സന്നിഹിതരായത് സമാപന ചടങ്ങിന്റെ മാറ്റ് വര്‍ധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.