അറഫയിൽ കത്തുന്ന വെയിലിൽ തണലായി തനിമ വളണ്ടിയർമാർ
text_fieldsമക്ക: ഹജ്ജിന്റെ ഏറ്റവും സുപ്രധാനമായ അറഫ സംഗമത്തിന് എത്തിയ തീർത്ഥാടകർക്ക് തനിമ ഹജ്ജ് സെല്ലിന് കീഴിലെത്തിയ വളണ്ടിയർമാരുടെ സേവനം ഏറെ ആശ്വാസമായി. നിയമപരമായ കാരണങ്ങളാൽ വിവിധ സംഘടനകൾക്ക് ഇത്തവണ അറഫയിൽ എത്താൻ സാധിച്ചിരുന്നില്ല. അതിനാൽ വലിയ സേവന ദൗത്യമാണ് അറഫയിൽ തനിമ വളണ്ടിയർമാർക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നത്. ദുൽഹജ്ജ് എട്ടിന് തന്നെ വളന്റിയർ ക്യാമ്പിലെത്തിയ സന്നദ്ധസേവകരെ ടീമുകളാക്കി തിരിച്ച് വീൽ ചെയറുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും നൽകുകയും വളണ്ടിയർമാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഒരുക്കുകയും ചെയ്തു.
ആദ്യ ഹാജി അറഫയിൽ എത്തിയത് മുതൽ വളണ്ടിയർ സംഘം അറഫ മെട്രോ സ്റ്റേഷൻ രണ്ടിലെത്തി സേവനങ്ങൾ ആരംഭിച്ചിരുന്നു. മെട്രോയിലെത്തിയ ഹാജിമാരെ സ്റ്റേഷനിൽ വെച്ച് തന്നെ അവരുടെ ഹജ്ജ് സർവീസ് കമ്പനി തിരിച്ചു കൃത്യമായി അവരുടെ ടെന്റുകളിലേക്ക് വഴിതിരിച്ചുവിടുക, അവശരായ ഹാജിമാരെ വീൽ ചെയറിൽ അവരവരുടെ ടെന്റുകളിൽ എത്തിക്കാൻ സഹായിക്കുക തുടങ്ങി നിരവധി സേവനങ്ങളാണ് നിർവഹിച്ചത്. അവസാന ഹാജി അറഫയിലെത്തുന്നത് വരെ മെട്രോ സ്റ്റേഷനിൽ സേവനം തുടർന്നു.
പ്രതികൂല കാലാവസ്ഥയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഹാജിമാരെ ഹോസ്പിറ്റലുകളിൽ എത്തിച്ചു അവശ്യ ചികിത്സകൾ നൽകുക, പാദരക്ഷകൾ വിതരണം ചെയ്യുക, ഹാജിമാരെ ടെന്റുകളിൽ എത്തിക്കുക, ടെന്റുകളിൽ നിന്ന് വഴിതെറ്റുന്ന ഹാജിമാരെ തിരിച്ചെത്തിക്കുക, വീൽചെയറിൽ വന്ന ഹാജിമാരെ ടെന്റുകളിലേക്കും തിരിച്ചും എത്തിക്കുക, വിവിധ മക്തബുകൾ കേന്ദ്രീകരിച്ച് മക്തബ് മേലുദ്യോഗസ്ഥരുമായി ടെന്റുകളിൽ ഉള്ള പ്രശ്നങ്ങൾക്ക് അറിയിച്ചു പരിഹാരം കണ്ടെത്തുക, തുടങ്ങിയ ശ്രമകരമായ സേവന പ്രവർത്തനങ്ങളാണ് അറഫയുടെ മുഴുദിനം ശക്തമായ ചൂടിനെ അവഗണിച്ചും വളണ്ടിയർമാർക്ക് ചെയ്യാൻ സാധിച്ചത്.
നോൺ മെഹ്‌റം ഹാജമാരുടെ ക്യാമ്പുകളിൽ വനിത വളണ്ടിയർമാർ ഹാജമാരുടെ നിരവധി പ്രശ്നങ്ങൾക്ക് ആശ്വാസം പകരാൻ സാധിച്ചു. ടെന്റുകൾ കണ്ടെത്താനും, ഭക്ഷണ-പാനീയ വിതരണത്തിനും, അവശരായവരെ വീൽ ചെയറിൽ അവരുടെ ടെന്റുകളിലെത്തിക്കാനും വനിത വളണ്ടിയർമാർക്ക് സാധിച്ചു. ദുൽഹജ്ജ് പത്തു മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ നൂറുകണക്കിന് വളണ്ടിയർമാർ മിനയിൽ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂർ സേവനം അനുഷ്ഠിക്കുന്നുണ്ട്. അറഫ സേവനങ്ങൾക്ക് വളണ്ടിയർ കൺവീനർ അബ്ദുൽ ഹക്കീം ആലപ്പുഴ, അറഫ ഓപ്പറേഷൻ കോഡിനേറ്റർ ശമീൽ ചേന്ദമംഗല്ലൂർ, വളണ്ടിയർ കൺവീനർ സഫീർ മഞ്ചേരി, വനിതാ വളണ്ടിയർ നേതാക്കളായ ആയിഷത്ത് ഷഫീറ പെരിങ്ങാടി, ആരിഫ അബ്ദുൽ സത്താർ, മുന അനീസ്, ഷാനിബ നജാത്ത് എന്നിവർ നേതൃത്വം നൽകി. ഇരുപത് ലക്ഷം ഹാജിമാർ ഒരുമിച്ചു കൂടിയ അറഫയിൽ വളണ്ടിയർമാരുടെ സേവനം ഏറെ ആശ്വാസം നൽകിയതായി നിരവധി ഹാജിമാർ സാക്ഷ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.