വിദ്യാഭ്യാസ പ്രവർത്തകർക്കുവേണ്ടി തനിമ ശിൽപശാല
text_fieldsറിയാദ്: 2020ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെയും അവയുടെ പാഠ്യപദ്ധതി ഫ്രെയിം വർക്കുകളുടെയും പശ്ചാത്തലത്തിൽ തങ്ങളുടെ വിദ്യാഭ്യാസ ഇടപെടലുകളെ വിദ്യാഭ്യാസ പ്രവർത്തകർ പുനർനിർണയിക്കണമെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. മുഹമ്മദ് ബദീഉസ്സമാൻ അഭിപ്രായപ്പെട്ടു. 34 വർഷത്തെ ഇടവേളക്കുശേഷം രൂപംകൊണ്ട പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സമീപനം എങ്ങനെയായിരിക്കണമെന്ന വിഷയത്തിൽ തനിമ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ബദീഉസ്സമാൻ ‘എൻ.ഇ.പി-2020’ മായി ബന്ധപ്പെട്ട് കേരളത്തിനകത്തും പുറത്തും ഇതിനകം നിരവധി സെഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
പരീക്ഷ കേന്ദ്രീകരിച്ചു നടക്കുന്ന നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൊളിച്ചെഴുതുവാനും ഉന്നത വിദ്യാഭ്യാസരംഗത്ത് കാലോചിതമായ പരിഷ്കരണങ്ങൾ കൊണ്ടുവരാനും എൻ.ഇ.പി വിഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമുക്കേറ്റവും വിദേശനാണ്യം നേടിത്തരുന്ന ജി.സി.സി രാജ്യങ്ങളിലെ ഭാഷയെ വിദേശ ഭാഷകളുടെ കൂട്ടത്തിൽ എണ്ണാതിരുന്നത് രാഷ്ട്രീയ മുൻഗണനകൾ വിദ്യാഭ്യാസത്തിലെ നിലപാടുകളെ സ്വാധീനിക്കുന്നതിന്റെ ഭാഗമാണെന്ന ആശങ്ക ഉണർത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂല്യങ്ങളെ സംരക്ഷിക്കുവാനും കുടുംബ സംവിധാനത്തിന് മുഖ്യപരിഗണന നൽകുവാനും നിർദേശിക്കുമ്പോൾ തന്നെ ഏറെ പ്രാധാന്യമുള്ള ബഹുസ്വരതയെയും ജാതിമത ഭാഷ ലൈംഗിക ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാണമെന്നതിനെക്കുറിച്ച് വിദ്യാഭ്യാസ നയരേഖ മൗനം പാലിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ സർഗാത്മകമായി നേരിടാൻ അധ്യാപകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദിഖ് ബിൻ ജമാൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥിയായ ഇഹ്സാൻ ഖിറാഅത്ത് നടത്തി. സെൻട്രൽ കമ്മിറ്റിയംഗങ്ങളായ റഹ്മാത്തെ ഇലാഹി നദ്വി സ്വാഗതവും അബ്ദുല്ലത്തീഫ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.