തനിമ, യൂത്ത് ഇന്ത്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമാപനമായി
text_fieldsഅബഹ: തനിമ, യൂത്ത് ഇന്ത്യ അസീർ ചാപ്റ്റർ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച 76ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമാപനമായി. ഖാലിദിയ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അസീർ തനിമ രക്ഷാധികാരി മുഹമ്മദ് അലി ചെന്ത്രാപ്പിന്നി ഉദ്‌ഘാടനം ചെയ്തു. നൂറു കണക്കിനാളുകൾക്ക് സഹായമായ ക്യാമ്പിൽ ഡോ. മുഹമ്മദ് ഹെൽമിസ് ആരോഗ്യ പഠന ക്ലാസ് നടത്തി. കുട്ടികൾക്കായി ദേശഭക്‌തി ഗാനം, ദേശീയ ഗാനം, ദേശീയ പതാക വരക്കൽ, പ്രസംഗം എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ ശാസിൽ സമീർ, ജന്ന ജാഫർ, മിസ്അബ് സുഹൈബ്, മനാൽ സമീർ, ലയ സുഹൈബ്, ദിലാന ഷെറിൻ, മുഹമ്മദ് ഫാദി, സഹൻ ശംസുദ്ദീൻ, ഫെല്ല ഫാത്തിമ, ഇഫ്‌സ നൗഷാദ്, മർവ ബാബു, മറിയം നസീർ എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനവിതരണം ഉസ്മാൻ കിളിയമണ്ണിൽ, റസാഖ് കിനാശ്ശേരി, നൗഫൽ നൗഷാദ്, അബ്ദുറഹ്മാൻ വടുതല, അഷ്‌റഫ് കുറ്റിച്ചൽ എന്നിവർ നിർവഹിച്ചു.
'സ്വതന്ത്ര ഇന്ത്യ വർത്തമാനം ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാർ അബ്ദുറഹ്മാൻ വടുതല ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ പതിറ്റാണ്ടുകൾക്ക് പിറകിലേക്കാണ് നിലവിലെ സർക്കാർ കൊണ്ടുപോകുന്നത്. വർഗീയ വംശീയതക്കും അരുതായ്മകൾക്കും കുപ്രസിദ്ധമാകുന്ന ഇന്ത്യയെയാണ് നാമിപ്പോൾ കാണുന്നത്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമെ ഭാവി ശോഭനമായ ഇന്ത്യയെ പുനഃസൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നാനാ ത്വത്തിൽ നിന്നും ഫാഷിസത്തിലേക്ക് പോയിക്കൊണ്ടിരുന്നു ഇന്നത്തെ ഇന്ത്യ, ആർ.എസ്.എസ് സ്വാതന്ത്ര്യത്തിന് ഒരു സംഭാവനയും അർപ്പിക്കാത്തവരാണ്.
നന്മയുടെ മാർഗത്തിൽ ഇന്ത്യയെ വീണ്ടെടുക്കുന്നതിനായി മുഴുവൻ ഭാരതീയരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഉസ്മാൻ കിളിയമണ്ണിൽ (മീഡിയ ഫോറം) ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയുടെ നിരുത്തരവാദപരമായ ഉപയോഗം ഇന്നത്തെ തലമുറയെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നു. ഐക്യത്തോടെ മുന്നേറിയാൽ ഭാവിഇന്ത്യ സമാധാനത്തിന്റേതാകുമെന്ന് കലാ സാഹിത്യ കാരുണ്യ പ്രവർത്തകൻ റസാഖ് കിനാശ്ശേരി അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ ക്ഷേമ ഐശ്വര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ട ഭരണാധികാരികൾ ഛിദ്രതക്കും വംശീയതക്കും വേണ്ടി വായിട്ടടിക്കുകയും പ്രവർത്തിക്കുന്നവരുമായി എന്നതാണ് വർത്തമാന ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്നും കോർപറേറ്റുകളുടെ താളത്തിനുതുള്ളുന്ന, മാധ്യമങ്ങളെ കൂച്ചു വിലങ്ങണിയിക്കുന്ന സർക്കാറുകൾ ഏകാധിപത്യത്തെയും ഫാഷിസത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ബഷീർ മുന്നിയൂർ (കെ.എം.സി.സി) പറഞ്ഞു. പോളി റാഫേൽ സംസാരിച്ചു. ഷാസിൽ സമീർ, വഹീദ് മൊറയൂർ എന്നിവർ ദേശഭക്തി ഗാനമാലപിച്ചു. ഫവാസ് സുഹൈൽ പാറടൺ സ്വാഗതവും അബ്ദുറഹ്മാൻ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.