താനൂർ ബോട്ടപകടം: പ്രവാസികളിലും പ്രതിഷേധം
text_fieldsസൗദി കെ.എം.സി.സി
റിയാദ്: താനൂർ ബോട്ടപകടത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആശ്വസിപ്പിക്കാൻപോലും വാക്കുകളില്ലാത്ത മനുഷ്യ മനഃസാക്ഷി മരവിച്ചുപോയ ദുരന്തത്തിൽ അകപ്പെട്ടുപോയവരുടെ കുടുംബങ്ങൾക്ക് മുന്നിൽ ഉടമയും അധികാരികളും ഉൾപ്പെടെ സമൂഹം മുഴുവനും കുറ്റവാളികളായിരിക്കുന്നുവെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
നേരത്തെ തന്നെ ഈ ബോട്ടിന്റെ ദുരവസ്ഥ അറിഞ്ഞിട്ടും മൗനം പാലിച്ചവർ ദുരന്തം ക്ഷണിച്ചു വരുത്തുകയായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തോടൊപ്പം ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുകയും സംസ്ഥാനത്ത് ഇനിയൊരു ദുരന്തം ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം.
കേരളത്തിലെ എല്ലാ ബോട്ടുകൾക്കും ശക്തമായ നിയമാവലി കൊണ്ടുവരണം. നിരീക്ഷണ കാമറകളും പൊലീസ് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ച് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് വേങ്ങാട്ട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ ആവശ്യപ്പെട്ടു.
ജിദ്ദ: ജിദ്ദയിലുള്ള തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനും സൗദി കെ.എം.സി.സി പ്രസിഡന്റുമായ കെ.പി. മുഹമ്മദ് കുട്ടിയും ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും താനൂർ ബോട്ടപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽപെട്ടവർക്ക് ആവശ്യമായ ചികിത്സ നൽകാൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും ഉദ്യോഗസ്ഥൻമാരും കൗൺസിലർമാരും മെഡിക്കൽ സ്റ്റാഫും സദാ ജാഗ്രതയിലാണെന്നും താലൂക്ക് ആശുപത്രി എക്സംഷൻ ചെയർമാൻ കൂടിയായ മുഹമ്മദ് കുട്ടി അറിയിച്ചു.
ജിദ്ദ നവോദയ
ജിദ്ദ: മലപ്പുറം താനൂർ തൂവൽതീരത്ത് നടന്ന ബോട്ടപകടത്തിൽ മരിച്ചവർക്ക് ജിദ്ദ നവോദയ ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നതായും കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും സംഘാടകർ അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ വിവിധ സർക്കാർ വകുപ്പുകളുടെ ഭാഗത്തു നിന്നും ശക്തമായ നടപടി അനിവാര്യമാണെന്നും നവോദയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബോട്ടപകടത്തിൽ ദാരുണമായി മരിച്ച ആളുകളുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ അറിയിച്ചു.
ഒ.ഐ.സി.സി
റിയാദ്: താനൂർ ബോട്ടപകടത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. സംഭവത്തെപ്പറ്റി സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം.
മുൻകാലങ്ങളിൽ നടന്ന ബോട്ടപകടങ്ങളിൽനിന്നൊന്നും പാഠം ഉൾക്കൊള്ളാതെ മുന്നോട്ടുപോയതാണ് ദുരന്തത്തിന് കാരണമെന്ന് സെൻട്രൽ കമ്മിറ്റി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.