'തൻവീൻ' സർഗോത്സവം: ഇത്റയിൽ ഫാഷൻ ഡിസൈനിങ് പ്രദർശനം
text_fieldsദമ്മാം: ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾചർ സെന്‍റർ (ഇത്റ) സർഗാത്മക ഉത്സവമായ 'തൻവീനി'ന്‍റെ ഭാഗമായി സൗദി ഫാഷൻ എക്സിബിഷൻ സംഘടിപ്പിച്ചു.45 ഡിസൈനർമാരുടെ കലാവിരുതുകൾ പ്രദർശിപ്പിച്ചു. വസ്ത്രങ്ങൾ, ഹാൻഡ്ബാഗുകൾ, ആഭരണങ്ങൾ എന്നിവയാണ് പ്രദർശിപ്പിച്ചത്. ഇത്റ കെട്ടിടം തന്നെ ഒരു വാസ്തുവിദ്യാ വിസ്മയമായതിനാൽ സൗദിയിലെ കഴിവുകളും പുതുമകളും പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണെന്ന് ഇത്റയുടെ ഓപറേഷൻസ് മാനേജറും എക്‌സിബിഷന്റെ സൂപ്പർവൈസറുമായ വാലാ തഹ്‌ലവി പറഞ്ഞു.
രാജ്യത്തിലെ ഡിസൈൻ മേഖലയെ കൂടുതൽ പുഷ്ടിപ്പെടുത്തുക എന്നതാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ഫാഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന പ്രദർശനം ഈ മാസം അവസാനം വരെ തുടരും. 'സൗദി ഫാഷൻ മറ്റേതൊരു ഫാഷനുംപോലെയല്ല, കാരണം അത് അസാധാരണവും അതുല്യവും ആഡംബരപൂർണവും അതീവ കൃത്യതയോടെ നിർമിച്ചതുമാണെന്ന് അതോറിറ്റി സി.ഇ.ഒ ബുറാക് കാക്മാക് പറഞ്ഞു.
രാജ്യത്തിന്റെ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഫാഷൻ വ്യവസായം ഒരു പ്രധാന ഭാഗമായി മാറും. പ്രാദേശിക മേഖലയിൽ ഫാഷൻ നിർമിതികൾ അന്താരാഷ്ട്ര മാർക്കറ്റുകളിലേക്ക് എത്തിക്കുകയും വിജയം വരിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. പ്രാദേശിക പ്രതിഭകളെ നിരന്തരമായി പ്രോത്സാഹിപ്പിച്ചതിലൂടെ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സൗദി ഫാഷൻ മേഖല അത്ഭുതകരമായ പുരോഗതിയാണ് കൈവരിച്ചതെന്നും ബുറാക് കാക്മാക് കൂട്ടിച്ചേർത്തു.
സൗദിയിലെ ഓരോ പ്രദേശത്തിനും അനുസരിച്ച് ഫാഷൻ വ്യത്യാസപ്പെട്ടിരിക്കുന്നത് എനിക്ക് കൗതുകമുണ്ടാക്കിയെന്നും പുതിയ ഫാഷനുകൾ തേടുന്ന ഒരാളാണ് താനെന്നും അതുകൊണ്ടുതന്നെ എക്സിബിഷൻ ഏറെ ആഹ്ലാദം നൽകുന്നതായെന്നും കാണികളിലൊരാളായ ദഹ്‌റാൻ അമീർ മുഹമ്മദ് ബിൻ ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. പട്രീഷ്യ ഡേവീസ് പറഞ്ഞു.
ബ്രിട്ടനിലെ ഫാഷൻ വസ്ത്രങ്ങളുമായി പലതിനും സാമ്യം കണ്ടതായും അവർ പറഞ്ഞു. നവംബർ 17 മുതൽ 19 വരെ റിയാദിലെ മുഹമ്മദ് ബിൻ സൽമാൻ നോൺപ്രോഫിറ്റ് സിറ്റിയിൽ നടക്കുന്ന ഫാഷൻ ഫ്യൂച്ചേഴ്സിൽ ഫാഷൻ ഡിസൈനിങ് പ്രദർശനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.