'ഇത്റ'യിൽ തൻവീൻ നാലാം സീസണ് തുടക്കമായി: സർഗാത്മക ആഘോഷം
text_fieldsദമ്മാം: കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യുടെ ഏറ്റവും ശ്രദ്ധേയമായ 'തൻവീൻ സീസണ്' തുടക്കമായി. ഈ മാസം 27ന് ആരംഭിച്ച ആഘോഷം നവംബർ 13 വരെ നീളും. വൈവിധ്യവും സർഗാത്മകവുമായ പരിപാടികളാണ് തൻവീൻ സീസണിൽ അരങ്ങേറുക. 'ടൂൾസ്: ക്രാഫ്റ്റിങ് ക്രിയേറ്റിവിറ്റി' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി സൗദിയെ സംസ്കാരത്തിെൻറയും കലകളുടെയും സർഗഭൂമിയായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക കലാകാരന്മാരെ കണ്ടെത്താനും കഴിവുകളെ പരിപോഷിപ്പിക്കാനുമാണ് ഇത്തവണത്തെ തൻവീൻ ലക്ഷ്യമിടുന്നത്. 13 വിഭാഗങ്ങളിലെ പ്രാദേശിക കലാകാരന്മാർക്കുള്ള ശിൽപശാലകളും സെമിനാറുകളും കലാപ്രകടനങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറും.
സംസ്കാരം, കല, വിജ്ഞാനം, സർഗാത്മകത, സമൂഹം എന്നീ വിഷയങ്ങൾ സമന്വയിപ്പിച്ച് സാംസ്കാരിക ഉത്തേജനം സാധ്യമാക്കുകയാണ് പ്രധാനമായും തൻവീനിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇത് കൈവരിച്ച നേട്ടങ്ങൾ സൗദിയുടെ കലാ സാംസ്കാരിക രംഗങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം മേധാവി അഷ്റഫ് ഫാഗിഹ് പറഞ്ഞു.
'ടൂൾസ്' തീം സർഗാത്മക കഴിവുകളെ പര്യവേക്ഷണം ചെയ്യുകയും രാജ്യത്തെ സംസ്കാരിക വളർച്ചക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അന്വേഷിക്കുകയും ചെയ്യുമെന്ന് 'ഇത്റ'യിലെ ഇന്നൊവേഷൻ ആൻഡ് ക്രിയേറ്റിവിറ്റി മേധാവി മിസ്ന അൽസാമിൽ വിശദീകരിച്ചു. കലകൾക്ക് വളരാനുള്ള ആധുനിക ചുറ്റുപാടുകളും സഹായങ്ങളും നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോക പ്രശസ്ത കമ്പനി 'അഡിഡാസി'െൻറ മുൻ സീനിയർ ഡിസൈൻ ഡയറക്ടർ ക്രിസ് ലോ, ഖാട്ട് ഫൗണ്ടേഷെൻറ സ്ഥാപക ഡയറക്ടർ ഡോ. ഹുദ സ്മിത്ഷുയിസെൻ അബിഫാരെസ്, അന്തർദേശീയ സമകാലീന കലാകാരനും ഗവേഷകനുമായ സൗഗ്വെൻ ചുങ്, അവാർഡ് നേടിയ മാമൂ-മണി ആർക്കിടെക്ചർ പ്രാക്ടിസിെൻറ സ്ഥാപകൻ ആർതർ മാമു-മണി എന്നിവർ ഇത്തവണ തൻവീനിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കിടാൻ എത്തും. പുതിയ കാഴ്ചപ്പാടുകളും വികസന സങ്കൽപങ്ങളും സർഗാത്മകമായി ഉപയോഗപ്പെടുത്തി സാമ്പത്തിക മേഖലയിൽ ഇടപെടുന്നതിനൊപ്പം രാജ്യത്തെ പുഷ്ടിപ്പെടുത്താനും ഇതുപകരിക്കും.
കൂടാതെ, സന്ദർശകർക്ക് പൈതൃകം, വാസ്തുവിദ്യ ചാതുര്യം, സംസ്കാരം, ഡിസൈൻ, നൂതനത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല് പവലിയനുകൾ കാണാൻ അവസരമുണ്ട്.
സൗദിയുടെ ഗ്രാമ പൈതൃകങ്ങളെ കലാപരമായി ചിത്രീകരിക്കുന്ന ഷഹാദ് അലസാസിെൻറ 'സാഫിൽ' എന്ന ഇൻസ്റ്റലേഷനും ഇവിടെ കാണാൻ കഴിയും. മറ്റൊന്ന് തൻവീൻ ചലഞ്ച് വാസ്തുവിദ്യ പവലിയനാണ്. ഫസീല എന്ന കലാകാരി സൗദിയുടെ പരമ്പരാഗത നിർമാണരീതിയും സാങ്കേതികതയും ഇവിടെ പ്രദർശിപ്പിക്കുന്നു.
വെള്ളിയാഴ്ച പ്രശസ്ത സ്ഥാപനങ്ങളിൽനിന്നുള്ള പ്രധാന സാംസ്കാരിക പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ചർച്ച പാനലിനൊപ്പം സൗദി അറേബ്യയെക്കുറിച്ചുള്ള ആദ്യത്തെ സി.സി.ഐ സൂചിക ഉൾപ്പെടെ മൂന്ന് സീരീസ് സാംസ്കാരിക റിപ്പോർട്ടുകളും 'ഇത്റ' പുറത്തിറക്കും.
2018ൽ ആരംഭിച്ചത് മുതൽ, തൻവീൻ സീസണുകൾ ഇതുവരെ 1,65,000-ലധികം ആളുകൾ സന്ദർശിച്ചു. 75,000-ത്തിലധികം പേർ അതിെൻറ വിവിധ സെഷനുകളിൽ പങ്കാളികളായി. ലോകപ്രശസ്തരായ 103 പേർ തൻവീനിൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.