കുടുംബത്തോടൊപ്പം രുചിനുണയാം: അൽ ഖസീമിൽ തേനൂറും മുന്തിരിക്കാലം
text_fieldsബുറൈദ: അൽ ഖസീം പ്രവിശ്യയിൽ ഇത് മുന്തിരി വിളവെടുപ്പ് കാലമാണ്. പ്രവിശ്യ ആസ്ഥാനമായ ബുറൈദയിൽനിന്ന് 100 കിലോമീറ്റേറാളം അകലെ ഹാഇൽ റോഡിന് വലതുവശത്തായി പരന്നുകിടക്കുന്ന മുന്തിരിപ്പാടങ്ങൾ സന്ദർശകരുടെ പറുദീസയായി മാറുകയാണ്. മുന്തിരിപ്പാടങ്ങളിൽ മിക്കതിലും അവിടെയുള്ള ജോലിക്കാരുടെ പ്രത്യേക അനുമതിപ്രകാരം സന്ദർശനം അനുവദിക്കുകയാണ് പതിവ്. എന്നാൽ, 'മസറാത്ത് ആലിയത്തുൽ ഖസീം' എന്ന മുന്തിരിപ്പാടം, മറ്റു വികസിത രാജ്യങ്ങളിലെ കൃഷിഫാമുകളിലെ 'ഫാം ടൂറിസം' മാതൃക പിൻപറ്റി വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറിയിരിക്കുയാണ്.
സന്ദർശകരെ ആകർഷിക്കാൻ വേണ്ട വിവിധ പദ്ധതികൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അകത്ത് പ്രവേശിക്കാം. 15 റിയാൽ നൽകിയാൽ മണിക്കൂറുകളോളം തോട്ടത്തിൽ ചെലവഴിക്കാനും തോട്ട അധികൃതരിൽനിന്ന് പഴക്കൂട വാങ്ങി നിറയെ മുന്തിരി ശേഖരിക്കാനും അനുവദിക്കുെന്നന്നതാണ് പ്രധാന ആകർഷണം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സന്ദർശനം അനുഭൂതിദായകമായി മാറുന്നു. കാർഷികവിളകൾക്ക് വിപണി വിലയെക്കാൾ മൂല്യം ലഭിക്കുമെന്നത് ഈ രീതിയുടെ പ്രധാന പ്രത്യേകതയാണ്. വിളവെടുപ്പ് കാലമായതിനാൽ ദിനേന നൂറുകണക്കിന് സന്ദർശകരാണ് തോട്ടത്തിൽ എത്തിച്ചേരുന്നതെന്ന് അധികൃതർ പറഞ്ഞു. കൃഷിയുടെ പ്രാധാന്യവും മഹത്ത്വവും പുതുതലമുറക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പ്രത്യേകിച്ചൊരു നിഷ്കർഷയും കൂടാതെ ഇവിടെ സന്ദർശകരെ അനുവദിക്കുന്നതെന്ന് തോട്ടം ചുമതലക്കാരനായ സ്വദേശി പൗരൻ മുഹമ്മദ് അൽഹുവയ്മലി പറയുന്നു.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് മുന്തിരി വിളവെടുപ്പ്. അടുത്തദിവസം നടക്കാനിരിക്കുന്ന 'ഇനബ് മഹർജാൻ' മുന്തിരിമേള ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് അൽഹുവയ്മലി കൂട്ടിച്ചേർത്തു. ഇവിടെനിന്നും 30 കിലോമീറ്റർ അകലെയുള്ള സുലൈബിയയിലാണ് സ്ഥലത്തെ അമീറിെൻറ മേൽനോട്ടത്തിൽ അഞ്ചുദിവസം നീളുന്ന മുന്തിരി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കാർഷിക വിളകളാൽ സമൃദ്ധമായ ഈ പ്രദേശത്തേക്ക് കൂടുതൽ ജനശ്രദ്ധയാകർഷിക്കാനും പുതുതലമുറക്ക് കാർഷിക ബാലപാഠങ്ങൾ പകർന്നുനൽകാനും ഇത്തരം മേളകൾ വളരെയധികം ഉപകരിക്കുെന്നന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
ബ്ലാക് മാജിക്, ക്രീം സോൺ, ബന്നാത്തി അഹ്മർ, ബന്നാത്തി അഹ്ളർ എന്നീ നാല് മുന്തിരി ഇനങ്ങളാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്. കിലോമീറ്ററുകൾ വിസ്തൃതിയുള്ള ഈ തോട്ടത്തിൽ വിവിധതരം മുന്തിരി ഇനങ്ങൾ കൂടാതെ ഓറഞ്ച്, ചെറുനാരങ്ങ, ഈത്തപ്പഴം തുടങ്ങി മറ്റു പഴം- പച്ചക്കറി വർഗങ്ങളുടെ കൃഷിയും മത്സ്യകൃഷിയും ചെയ്തുപോരുന്നു. സന്ദർശകർക്ക് കുടുംബസമേതം ഈ തോട്ടത്തിെൻറ സൗന്ദര്യം ആസ്വദിക്കാനായി ഒട്ടേറെ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
പരവതാനി വിരിച്ച വിശ്രമസ്ഥലം കൂടാതെ, ഫോട്ടോ, വീഡിയോ എന്നിവ പകർത്താനുള്ള സൗകര്യങ്ങൾ കൂടി അനുവദനീയമാക്കിയിരിക്കുന്നു. 'മസറാത്ത് ആലിയത്തുൽ ഖസീം' സന്ദർശകർക്ക് മുന്തിരിയുടെ തേനൂറും അനുഭവമായി മാറും. കണ്ണുനിറയെ കണ്ടും ഉള്ളുനിറയെ രുചി നുണഞ്ഞും ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.