ബഹുരാഷ്ട്ര കമ്പനികൾക്ക് രാജ്യത്ത് നികുതിയിളവ്
text_fieldsറിയാദ്: ഇക്കൊല്ലം പ്രാദേശിക ആസ്ഥാനം രാജ്യത്തേക്ക് മാറ്റുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഇളവ് ലഭിക്കാൻ സാധ്യതയെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ്. ബ്രിട്ടീഷ് പത്രമായ ‘ഫിനാൻഷ്യൽ ടൈംസി’ന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാഭകരമായ സർക്കാർ കരാറുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന ബഹുരാഷ്ട്ര കമ്പനികൾക്കാണ് ഇളവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുരാഷ്ട്ര കമ്പനികൾക്കുള്ള നിയന്ത്രണം വ്യക്തമാക്കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആസ്ഥാനം രാജ്യത്തിനകത്തായാലും പുറത്തായാലും ബിസിനസ് സാധാരണപോലെ നടക്കും. എന്നാൽ സൗദി അറേബ്യക്ക് പുറത്ത് ആസ്ഥാനമുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് നികുതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
റീജനൽ നിക്ഷേപ മന്ത്രാലയത്തിന്റെയും റിയാദ് സിറ്റി റോയൽ കമീഷന്റെയും സംയുക്ത സംരംഭമായ റീജനൽ ഹെഡ്ക്വാർട്ടേഴ്സ് പ്രോഗ്രാം (ആർ.എച്ച്.ക്യു) ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനം സൗദി അറേബ്യയിലേക്ക് മാറ്റാൻ ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിക്കുന്ന കമ്പനികൾക്ക് നികുതി ഇളവിന് അർഹതയുണ്ടാകും.
കമ്പനികൾക്ക് അധിക ബാധ്യതയുണ്ടാക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച സമ്പദ്ഘടനയാണ് രാജ്യത്തിന്. ലോകത്തിലെ വലിയ സമ്പദ്വ്യവസ്ഥകളുടെ റാങ്കിങ്ങിൽ 18ാം സ്ഥാനത്തുമാണ്. എണ്ണയിതര വരുമാനത്തിനുള്ള നടപടിയാണിത്. പ്രമുഖ കമ്പനികൾ അടുത്ത പത്തു വർഷത്തിനുള്ളിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപമിറക്കാൻ ഒരുങ്ങുകയാണ്. ഇത് ബഹുരാഷ്ട്ര കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. യൂനി ലിവർ, സീമെൻസ് എന്നിവയുൾപ്പെടെ 80ഓളം കമ്പനികൾക്ക് അവരുടെ പ്രാദേശിക ആസ്ഥാനം രാജ്യത്തേക്ക് മാറ്റാൻ ലൈസൻസ് അനുവദിച്ച കാര്യം ‘ഫിനാൻഷ്യൽ ടൈംസ്’ചൂണ്ടിക്കാട്ടി.
അവയിൽ പലതും റിയാദ് കിങ് അബ്ദുല്ല സാമ്പത്തിക മേഖലയിൽ ആസ്ഥാനമന്ദിരം തുറക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്തു. പെപ്സികോ തങ്ങളുടെ മിഡിൽ ഈസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ് രാജ്യത്തേക്ക് മാറ്റിയതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.