ഫ്രാൻസിൽ അധ്യാപകൻ കുത്തേറ്റു മരിച്ച സംഭവം: മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു
text_fieldsജിദ്ദ: വടക്കൻ ഫ്രാൻസിൽ ഒരു അധ്യാപകൻ കുത്തേറ്റു മരിക്കാനും മറ്റു രണ്ടു പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഹീനമായ കുറ്റകൃത്യത്തെ മുസ്ലിം വേൾഡ് ലീഗ് ശക്തമായ ഭാഷയിൽ അപലപിച്ചു. അക്രമത്തെയും ഭീകരതയെയും അതിന്റെ എല്ലാ രൂപത്തിലും നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ പറഞ്ഞു. ഇസ്ലാം തള്ളിക്കളയുകയും വലിയ കുറ്റകൃത്യങ്ങളുടെ പട്ടികയിൽപെടുത്തുകയും ചെയ്യുന്ന ഈ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ഈ കുറ്റകൃത്യം ചെയ്തത് ആരായാലും അവന്റെ ക്രിമിനൽ പ്രത്യയശാസ്ത്രത്തെ പ്രതിനിധാനംചെയ്യുന്നു. അത് ഇസ്ലാമിന്റെ തത്ത്വങ്ങൾക്കും ഉയർന്ന മൂല്യങ്ങൾക്കുമെതിരാണ്. ഇസ്ലാം അത് നിരാകരിക്കുന്നു.
അക്രമത്തിനും ഭീകരതക്കും മതമോ സമയമോ സ്ഥലമോ ഇല്ലെന്ന് മുന്നറിയിപ്പ് നൽകി. ഈ വഞ്ചനാപരമായ കുറ്റകൃത്യത്തിന് ഇരയായവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.