അബ്ഷീറിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചു; മൾട്ടിപ്ൾ റീ എൻട്രി വിസിറ്റ് വിസ പുതുക്കിത്തുടങ്ങി
text_fieldsജിദ്ദ: സൗദിയിൽ മൾട്ടിപ്ൾ റീ എൻട്രി വിസിറ്റ് വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കിത്തുടങ്ങി. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുക്കുന്നതിന് ചില സാങ്കേതിക പ്രശ്നം നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസ പുതുക്കിത്തുടങ്ങിയത്. രണ്ടുവർഷം വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി വിസിറ്റ് വിസയെടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നുമാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീസ് അടച്ച് തങ്ങളുടെ അബ്ഷീർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഇങ്ങനെ വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് 'മൾട്ടിപ്ൾ റീ എൻട്രി വിസിറ്റ് വിസ പുതുക്കാൻ സാധിക്കില്ല' എന്ന മെസേജാണ് ലഭിച്ചിരുന്നത്.
ഇത്തരം തടസ്സം നേരിട്ടവർ സൗദി പാസ്പോർട്ട് വിഭാഗവുമായി (ജവാസത്ത്) ബന്ധപ്പെട്ടപ്പോൾ അബ്ഷിറിലെ 'തവാസുൽ' വഴി അപേക്ഷ നൽകി ജവാസത്തിൽ നേരിട്ട് ബന്ധപ്പെട്ട് വിസ പുതുക്കാൻ ശ്രമിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. ഇങ്ങനെ ശ്രമിച്ച ചിലർക്ക് 14 ദിവസം മാത്രം താൽക്കാലികമായി വിസ പുതുക്കിക്കിട്ടുകയും ചെയ്തു. ശേഷം ചൊവ്വാഴ്ച വൈകീട്ടോടെയാണ് സാങ്കേതിക പ്രശ്നം പരിഹരിച്ച് വീണ്ടും മൾട്ടിപ്ൾ റീ എൻട്രി വിസിറ്റ് വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കിത്തുടങ്ങിയത്. മൾട്ടിപ്ൾ റീ എൻട്രി വിസിറ്റ് വിസയെടുത്ത് രാജ്യത്ത് തങ്ങുന്ന പതിനായിരങ്ങളുടെ ആശങ്കയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.