'തേജ്' ചുഴലിക്കാറ്റ് സൗദിയേയും പരോക്ഷമായി ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം
text_fieldsയാംബു: അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്ന കാലാവസ്ഥ മാറ്റം സൗദിയുടെ ചില ഭാഗങ്ങളിൽ പരോക്ഷമായി ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ത്യ നിർദേശിച്ച 'തേജ്' എന്ന പേരിൽ അറിയപ്പെടുന്ന ചുഴലിക്കാറ്റിന്റെ ചില പ്രതികരണങ്ങൾ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിൻറെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളെയാണ് ബാധിക്കുകയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു.
ഉഷ്ണമേഖല ന്യൂനമർദ്ദം പടിഞ്ഞാറ്, വടക്കു പടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിനെയും യമനിന്റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ഒമാൻ തീരപ്രദേശങ്ങളെ ബാധിക്കുമ്പോൾ സൗദി തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ അനുഭവപ്പെടും. നജ്‌റാൻ, അൽ ഖർഖിർ, ഷറൂറ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യത ഉണ്ട്. പലയിടത്തും പൊടിപടലങ്ങളോടെയുള്ള ശക്തമായ കാറ്റും അടിച്ചുവീശും.
സൗദിയുടെ ചില തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് മൂലം ശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയും ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ചില തീരപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കിയേക്കാമെന്ന മുന്നറിയിപ്പും നൽകി. വരും ദിവസങ്ങളിൽ ജീസാൻ, അസീർ, അൽബഹ, മക്ക എന്നീ പ്രദേശങ്ങളിൽ സജീവമായ കാറ്റും ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദൂരക്കാഴ്ച കുറക്കാൻ കാരണമാകുന്ന പൊടിക്കാറ്റും കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യത ഉണ്ടെന്നും കേന്ദ്രം കഴിഞ്ഞദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
'തേജ്' എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കാരണം ഒമാനിലെ ദോഫാർ, അൽ വുസ്ത എന്നീ രണ്ട് പ്രവിശ്യകളിൽ താമസിക്കുന്നവരോട് കൂടുതൽ ജാഗ്രത പുലർത്താൻ അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിയിരുന്നു. തുറമുഖ അധികൃതർ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂനിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമന്നും ഒമാനിലെ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നിർദേശം നൽകി. 2018 ൽ ഉണ്ടായ 'ലുബാൻ' ചുഴലിക്കാറ്റ് ഒമാനിലെ സലാലയുടെ പടിഞ്ഞാർ ഭാഗത്തും യമനിലും വമ്പിച്ച നാശം വിതച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.