ചൂട് 50 ഡിഗ്രി കവിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsയാംബു: സൗദിയിൽ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂടു കൂടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നിവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചന കേന്ദ്രം ഡയറക്ടർ ഹംസ കൂമി സ്ഥിരീകരിച്ചു. ഈ വർഷത്തെ വേനൽക്കാലത്ത് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് നിരീക്ഷിക്കുന്നതായും വേനൽക്കാലത്ത് ഉയർന്ന താപനില രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ പ്രകടമാകുമെന്നും കേന്ദ്രം പ്രവചിച്ചു. ജൂൺ മാസം പൊതുവെ മഴ കുറവായിരിക്കുമെന്നും എന്നാൽ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഉയർന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഹജ്ജ് സീസണിൽ മക്കയിൽ 45 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും ഹജ്ജ് സീസണിലെ കാലാവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് വരും ദിവസങ്ങളിൽ ദേശീയ കാലാവസ്ഥ കേന്ദ്രം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഉച്ച 12നും മൂന്നിനും ഇടയിലായിരിക്കും കടുത്ത ചൂട് അനുഭവപ്പെടുക. അതുകൊണ്ട് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. പകൽ ചൂട് കടുത്തതിനാൽ മധ്യാഹ്ന വിശ്രമ നിയമവും സെപ്റ്റംബർ 15 വരെ സൗദിയിൽ പ്രാബല്യത്തിലായി. ഉച്ച 12 മുതൽ വൈകീട്ട് മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയമലംഘനം നടത്തുന്ന തൊഴിലുടമക്കും സ്ഥാപനത്തിനുമെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.