രാജ്യത്ത് ചൂടു കൂടുന്നു; വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി സിവിൽ ഡിഫൻസ്
text_fieldsയാംബു: സൗദിയിൽ അനുദിനം ചൂടു കൂടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷ നിർദേശങ്ങളുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. ‘താപനില ഉയരുന്നതിനനുസരിച്ച് നിങ്ങളുടെ വാഹനങ്ങളുടെ സുരക്ഷയിൽ ഏറെ ജാഗ്രത പാലിക്കണമെന്ന’ നിർദേശമാണ് സമൂഹമാധ്യമങ്ങളും വെബ്സൈറ്റും വഴി അധികൃതർ നൽകുന്നത്. തങ്ങൾ ഓടിക്കുന്ന വാഹനങ്ങൾ സ്ഫോടനത്തിനും തീപിടിത്തത്തിനും സാധ്യതയുള്ള വസ്തുക്കളിൽനിന്ന് മുക്തമാണെന്ന് ഓരോ ഡ്രൈവർമാരും ഉറപ്പാക്കണം.
തീപിടിക്കാൻ കാരണമാകുന്ന സാധനങ്ങൾ കാറുകളിൽ ഉപേക്ഷിക്കരുതെന്നാണ് ഒരു മുന്നറിയിപ്പ്. ചില വസ്തുക്കൾ പൊട്ടിത്തെറിച്ച് തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് അവ വാഹനത്തിൽ കൊണ്ടുപോകരുതെന്നും നിർദേശമുണ്ട്. സിഗരറ്റ് ലൈറ്ററുകൾ, പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ഗ്യാസ് കാനുകൾ, കംപ്രസ് ചെയ്ത പെർഫ്യൂം കണ്ടെയ്നറുകൾ, ലിക്വിഡ് ഹാൻഡ് സാനിറ്റൈസർ കണ്ടെയ്നറുകൾ എന്നിവ കാറിൽ സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ചില ഭാഗങ്ങളിൽ തീ പടർന്നാൽ സുരക്ഷ സംവിധാനമൊരുക്കി തീയണക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം സാധനങ്ങൾ വഴി കൂടുതൽ സ്ഫോടനമുണ്ടാവാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. ചൂട് കൂടുമ്പോൾ ടയറുകൾ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ വാഹനത്തിന്റെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. ടയറുകളിൽ റോഡിന് അനുയോജ്യമായ രീതിയിൽ കാറ്റുണ്ട് എന്ന് ഉറപ്പുവരുത്തണം.
ടയറുകൾക്ക് കേടുപാടുണ്ടാകുന്ന പ്രതലങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധപുലർത്തുക. ഓരോ പ്രദേശത്തും അനുവദനീയമായതും ഓരോരുത്തർക്കും നിയന്ത്രിക്കാൻ കഴിയുന്നതുമായ വേഗത്തിൽ മാത്രം വാഹനമോടിക്കുക, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ സമയത്ത് തന്നെ തീർക്കുക മുതലായവയും അധികൃതർ നൽകുന്ന നിർദേശങ്ങളാണ്. രാജ്യത്ത് ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിലെത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് ബോധവത്കരണ കാമ്പയിൻ നടത്തുന്നത്.
റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം എന്നിവയുൾപ്പെടെ നിരവധി സൗദി പ്രദേശങ്ങളിലും നഗരങ്ങളിലും താപനില വർധിച്ച സാഹചര്യത്തിൽ ഉഷ്ണതരംഗസാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ പുറത്തിറങ്ങുന്നവർ സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കാനും നിർജലീകരണം തടയുന്നതിനും ജാഗ്രത പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.