നിയമഭേദഗതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം; ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസകളുടെ കാലാവധി മൂന്നുമാസമാക്കി
text_fieldsറിയാദ്: ഹജ്ജ്, ഉംറ സേവനങ്ങൾക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താൽക്കാലിക തൊഴിൽ വിസകൾ, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ഭേദഗതിക്ക് അംഗീകാരം നൽകി.
താൽക്കാലിക വിസയുടെ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചതാണ് പ്രധാന ഭേദഗതി. ആ കാലാവധി കഴിഞ്ഞാൽ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും പുതിയ വ്യവസ്ഥപ്രകാരം അനുമതിയുണ്ട്. താൽക്കാലിക തൊഴിൽ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് പരമാവധി ആറു മാസം വരെ തങ്ങി ജോലി ചെയ്യാം.
നിലവിലെ ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള സീസണൽ വർക്ക് വിസ എന്നതിന് പകരം ‘താൽക്കാലിക തൊഴിൽ വിസ’ എന്ന് പുനർനാമകരണം ചെയ്തതായി ഭേദഗതികൾ വിശദീകരിക്കവേ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയുടെ ആവശ്യങ്ങൾക്ക് താൽക്കാലിക വിസകളെ ഉപയോഗപ്പെടുത്താൻ ഇതിലൂടെ കഴിയും. രാജ്യത്തെ തൊഴിൽ വിപണിയുടെ ആകർഷകത്വം വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. ഉംറ സീസണിൽ പ്രവർത്തിക്കുന്ന സേവന സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് നിയമഭേദഗതിയെന്നും മന്ത്രാലയം പറഞ്ഞു. താൽക്കാലിക വിസകളുടെ ദുരുപയോഗം തടയാൻ കനത്ത പിഴയടക്കമുള്ള ശിക്ഷാനടപടികളും പുതിയ വ്യവസ്ഥകളിലുണ്ട്. മന്ത്രിസഭ അംഗീകാരം നൽകിയ തീയതി മുതൽ 180 ദിവസത്തിന് ശേഷം നിയമഭേദഗതികൾ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.