ഇഖാമ കാലാവധി കഴിഞ്ഞവർക്ക് താൽക്കാലിക പാസ്പോർട്ട് -എംബസി
text_fieldsദമ്മാം: സൗദി ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞതിനാൽ പാസ്പോർട്ട് പുതുക്കാനാകാത്തവർക്ക് അഞ്ച് വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കാൻ എംബസി സേവനകേന്ദ്രങ്ങൾ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19ന് അയച്ച നിവേദനത്തിന് മറുപടിയായാണ് സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഈ വിവരം അറിയിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ സേവന കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അത്തരം പ്രവാസികൾ അവരുടെ സ്പോൺസറിൽനിന്നോ കമ്പനിയിൽനിന്നോ 'ഇഖാമ പിന്നീട് പുതുക്കിക്കൊടുക്കാം' എന്ന് ഉറപ്പുനൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ അഞ്ച് വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്നും കത്തിൽ പറയുന്നു. പിന്നീട് ഇഖാമ പുതുക്കിയ രേഖ ഹാജരാക്കിയാൽ 10 വർഷ കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാം എന്നും എംബസി അറിയിക്കുന്നു.
ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തി നേരത്തെ 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയം ഇന്നയിച്ച് രാജ്യസഭ എം.പി ബിനോയ് വിശ്വം ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. എന്നാൽ, ഇപ്പോഴും ഈ വിഷയത്തിൽ കൃത്യമായ പരിഹാരം ലഭ്യമായിട്ടില്ല എന്ന ബോധ്യത്തിൽതന്നെയാണ് സാമൂഹിക പ്രവർത്തകർ. ഇന്ത്യൻ രേഖയായ പാസ്പോർട്ട് പുതുക്കാൻ എന്തിന് വിദേശരാജ്യത്തിന്റെ താമസരേഖ മാനദണ്ഡമാക്കുന്നു എന്ന ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്.
നേരത്തെ ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാൻ പോലും സേവനകേന്ദ്രങ്ങൾ തയാറായിരുന്നില്ല. നൂറുകണക്കിന് ഇന്ത്യക്കാരാണ് ഇത്തരത്തിൽ പാസ്പോർട്ട് പുതുക്കാനാവാതെ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.