നൈറോബി ഇന്റർനാഷനൽ ടെന്നിസ് ചാമ്പ്യൻഷിപ്: സൗദിയുടെ യാര അൽ ഹഖ്ബാനി ഫൈനലിൽ
text_fieldsജിദ്ദ: നൈറോബി ഇന്റർനാഷനൽ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഇസ്രായേലി താരം റെനി നികിഷോവിനെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് തോൽപിച്ച് സൗദി ടെന്നിസ് താരം യാര അൽ ഹഖ്ബാനി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ കെനിയയുടെ അലിസിയ ഒയിഗിക്കെതിരെ ജയിച്ചതോടെ അൽ ഹഖ്ബാനി അന്താരാഷ്ട്ര വേദിയിൽ തന്റെ മിടുക്ക് തെളിയിച്ചു. രണ്ടാം റൗണ്ടിൽ റൊമാനിയൻ മായാ വിസനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് (6-1, 6-2) തോൽപിച്ച അവർ നികിഷോവിനെ 6-0, 6-2 എന്ന സ്കോറിന് തൂത്തുവാരി ടൂർണമെന്റിലെ തന്റെ വിജയക്കുതിപ്പ് തുടർന്നു. ക്വാർട്ടർ ഫൈനലിൽ ഇവർ ബ്രിട്ടീഷ് താരം ജാഡി കോളിനെ നേരിടും.
പ്രഫഷനൽ ടെന്നിസ് താരങ്ങളുടെ റാങ്കിങ് പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ അൽ ഹഖ്ബാനി ലോക റാങ്കിങ്ങിൽ 767ാം സ്ഥാനത്താണ്. 2004ൽ ജനിച്ച അവർ ചെറുപ്രായത്തിൽതന്നെ ഒരു പ്രഫഷനൽ കളിക്കാരിയായി മാറിയിരുന്നു. വിവിധ ലോക ചാമ്പ്യൻഷിപ്പുകളിൽ സൗദി അറേബ്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
അടുത്തിടെ ദുബൈ ഇന്റർനാഷനൽ ചാമ്പ്യൻഷിപ്പിൽ കളിച്ച ഇവർ അവിടെ റഷ്യക്കാരിയായ കിര മത്യോഷികിനയോട് രണ്ടാം റൗണ്ടിൽ പുറത്തായി. ഫുജൈറ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ഈ യുവ സൗദി താരം ബൾഗേറിയക്കാരിയായ ഇവാ ബോസഡിനോട് 3-6, 6-7 എന്ന സ്കോറിന് പരാജയപ്പെട്ടു.
2021ൽ വനിത താരങ്ങൾക്കായുള്ള ജെ3, ജെ4, ജെ5 ടെന്നിസ് ടൂർണമെന്റുകളിൽ അൽ ഹഖ്ബാനി 16 മത്സരങ്ങൾ കളിച്ചു, എട്ടു മത്സരങ്ങളിൽ വിജയിച്ച് 50 ശതമാനം വിജയം നേടി. 2022ൽ ഇതുവരെ ഏഴു മത്സരങ്ങളിൽ പങ്കെടുത്തു. ജെ4, ജെ5 മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിക്കുകയും മൂന്നെണ്ണത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. രാജ്യാന്തരതലത്തിൽ നിരവധി സുപ്രധാന വിജയങ്ങൾ നേടിയിട്ടുള്ള അൽ ഹഖ്ബാനി സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ ടെന്നിസ് കളിക്കാരിയാണ്. നേരത്തേ ഇവർ ഡബ്ല്യു.ടി.എ, ഇസ്ലാമിക് സോളിഡാരിറ്റി ചാമ്പ്യൻഷിപ്പുകളിൽ 'ജൂനിയർ', 'ഫ്യൂച്ചർ' വിഭാഗങ്ങളിൽ സൗദി അറേബ്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.