'ഖത്മുൽ ഖുർആനി'ന് ഇരു ഹറമുകളിലും പതിനായിരങ്ങൾ സാക്ഷികളായി
text_fieldsമക്ക: റമദാൻ 29ാം രാവിൽ ഇരു ഹറമുകളിൽ നടന്ന ഖത്മുൽ ഖുർആനിൽ പതിനായിരങ്ങൾ സാക്ഷികളായി. അന്നേ ദിവസം ഇരു ഹറമുകളിലെ ഇശാ, തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളിൽ പെങ്കടുക്കാനും ഖുർആൻ പരായണത്തിനു പരിസമാപ്തിയാകുന്ന ദിവസത്തിലെ ദീർഘിച്ച പ്രാർഥനയിൽ ഉൾപ്പെടാനും സ്വദേശികളും വിദേശികളുമായവർ നേരത്തെ ഹറമുകളിലേക്ക് എത്തി തുടങ്ങിയിരുന്നു.
അനുമതി പത്രമുണ്ടെന്ന് ഉറപ്പുവരുത്തിയും മുൻകരുതൽ നടപടി പാലിച്ചുമാണ് ആളുകളെ ഹറമുകളിലേക്ക് കടത്തിവിട്ടത്. മസ്ജിദുൽ ഹറാമിൽ നടന്ന നമസ്കാരത്തിനും പ്രാർഥനക്കും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന നമസ്കാരങ്ങൾക്ക് ഡോ. അലി ഹുദൈഫി, ഡോ. അബ്ദുൽ മുഹ്സിൻ അൽഖാസിം, അവസാന റക്അത്തുകൾക്കും പ്രാർഥനക്കും ശൈഖ് സ്വലാഹ് അൽബദീറും നേതൃത്വം നൽകി.
മുസ്ലിം സമൂഹത്തിനു പാപമോചനത്തിനും നരകമുക്തിക്കും മുസ്ലിം രാജ്യങ്ങളിലെ സ്ഥിരതക്കും സമാധാനത്തിനും നേതാക്കളുടെ സുരക്ഷക്കും പകർച്ചവ്യാധിയിൽ നിന്ന് എത്രയും വേഗം സമൂഹത്തിനു മോചനമുണ്ടാകണേയെന്നും ഇമാമുമാർ പ്രാർഥിച്ചു. റമദാൻ 29ാം രാവിൽ നടക്കുന്ന ഖത്മുൽ ഖുർആനിൽ പെങ്കടുക്കാനെത്തുന്ന വിശ്വാസികളുടെ തിരക്ക് മുൻകൂട്ടി കണ്ട് ഇരു ഹറമുകളിലും സേവന ആരോഗ്യ സുരക്ഷ വകുപ്പുകൾക്ക് കീഴിൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.