തണലാണ് കുടുംബം; ഒരു മാസം നീളുന്ന വിപുലമായ തനിമ കാമ്പയിൻ
text_fieldsജിദ്ദ: ‘തണലാണ് കുടുംബം’ എന്ന സന്ദേശവുമായി തനിമ വെസ്റ്റേൺ പ്രൊവിൻസ് ഒരു മാസം നീളുന്ന വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നു. വ്യത്യസ്ത ജീവിതാവസ്ഥകളിൽ മനുഷ്യർക്ക് സുരക്ഷയുടേയും സന്തോഷത്തിന്റെയും തണലൊരുക്കുന്ന സാമൂഹിക സ്ഥാപനമായ കുടുംബത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാനും പ്രവാസികളെ ആഹ്വാനം ചെയ്യുകയാണ് വൈവിധ്യമാർന്ന പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഫസൽ മുഹമ്മദും കാമ്പയിൻ കോഓഡിനേറ്റർ മുഹമ്മദലി പട്ടാമ്പിയും അറിയിച്ചു. നിരവധി സാമൂഹിക മൂല്യങ്ങൾ സംഭാവന ചെയ്യുന്ന സ്ഥാപനമായ കുടുംബവ്യവസ്ഥയുടെ അടിവേരറുക്കുന്ന പാശ്ചാത്യൻ ലിബറലിസത്തിനും സാമൂഹിക അരാജകത്വത്തിനുമെതിരെ ആശയസമരം അനിവാര്യമാണ്.
വ്യക്തി കേന്ദ്രീകൃതവും കേവല സുഖഭോഗതൃഷ്ണയിലധിഷ്ഠിതവുമായ ഉദാര ലൈംഗികതയാണ് സാംസ്കാരിക ലിബറലിസം മുന്നോട്ടുവെക്കുന്നത്. നവനാസ്തികതയും സാംസ്കാരിക ലിബറലിസവും മുന്നോട്ടുവെക്കുന്ന അതിവാദങ്ങളെ ഇസ്ലാമിന്റെ പവിത്രമായ കുടുംബ സങ്കൽപത്തിലൂടെ ചെറുക്കാൻ സാധിക്കും.
പ്രവാസികളിൽനിന്ന് വലിയ തോതിലുള്ള പങ്കാളിത്തമാണ് ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ നീളുന്ന കാമ്പയിനിൽ പ്രതീക്ഷിക്കുന്നത്.
വനിതകളുടേയും യുവാക്കളുടേയും വിദ്യാർഥികളുടേയും സഹകരണത്തെടെയാണ് വിപുലമായ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. നൂറോളം കുടുംബ സദസ്സുകൾ സംഘടിപ്പിച്ച് വിഷയം ചർച്ച ചെയ്യും. ട്രക്കിങ്, സൗഹൃദ സദസ്സ്, യൂത്ത് മീറ്റ് തുടങ്ങിയ പരിപാടികളിലൂടെ യുവജനങ്ങളെ കാമ്പയിനിന്റെ ഭാഗമാക്കും.
ജെൻഡർ ന്യൂട്രൽ, ആധുനിക ലിബറൽ വാദങ്ങൾ എന്നിവയിലെ അപകടങ്ങളെയും പൊള്ളത്തരങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കും. കവിത, ഡ്രോയിങ്, പ്രസംഗം, റീൽസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തും. വിപുലമായ ജനസമ്പർക്ക പരിപാടികളിലൂടെ കാമ്പയിൻ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റു പ്രവാസി കൂട്ടായ്മകളുടെ സഹകരണം ലഭ്യമാക്കുമെന്നും കോഓഡിനേറ്റർ മുഹമ്മദലി പട്ടാമ്പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.