അറഫയിൽ ഹജ്ജ് വളൻറിയർ സേവനമൊരുക്കി തനിമ
text_fieldsമക്ക: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തിന് എത്തിയ തീർഥാടകർക്ക് വളൻറിയർ സേവനമൊരുക്കി തനിമ ഹജ്ജ് സെൽ. തലേന്ന് രാത്രി വളൻറിയർ ക്യാമ്പിലെത്തി ഒരുക്കം പൂർത്തിയാക്കി അറഫദിനത്തിൽ പുലർച്ചതന്നെ സേവനങ്ങൾക്ക് തുടക്കംകുറിച്ചു.
മെട്രോ സ്റ്റേഷനിലെത്തുന്ന ഹാജിമാരെ അവിടെ വെച്ചുതന്നെ അവരുടെ മക്തബുകൾ തരം തിരിച്ചതുകൊണ്ട് ഹാജിമാർക്ക് വഴിതെറ്റാതെ എളുപ്പത്തിൽതന്നെ സ്വന്തം ടെന്റുകൾ കണ്ടെത്താൻ കഴിഞ്ഞു. അവശരായി മെട്രോ സ്റ്റേഷനുകളിൽ എത്തിയിരുന്ന അനവധി ഹാജിമാരെ വീൽചെയർ സഹായത്തോടെ ടെന്റുകളിൽ എത്തിക്കാൻ സ്റ്റേഷനിൽ പ്രത്യേക ടീമിനെ സജ്ജീകരിച്ചിരുന്നു. അവസാന ഹാജി മെട്രോയിൽ വന്നിറങ്ങുന്നതുവരെ അജാസ് കൊട്ടൂർ, ഹിഷാം കോതമംഗലം, അനസ് കിഴിശ്ശേരി എന്നിവരടങ്ങുന്ന ടീം മെട്രോ സ്റ്റേഷനുകളിൽ കർമനിരതരായി. അറഫയിലെ സേവനത്തിന് ഈ വർഷവും വീൽചെയർ സേവനത്തിന് പ്രത്യേക വിങ്ങിനെ നിശ്ചയിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ എത്തിയ നിരവധി അവശരായ ഹാജിമാരെ വീൽചെയറുകളിൽ അവരുടെ ടെന്റുകളിലേക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചു. രോഗികളായ ഹാജിമാരെ ക്ലിനിക്കുകളിലേക്കെത്തിച്ച് ചികിത്സക്ക് സൗകര്യം ചെയ്തുകൊടുത്തു.
ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യമായ മരുന്നുകൾ ടെന്റുകളിലേക്ക് എത്തിച്ചുനൽകാനും തനിമ മെഡിക്കൽ ടീം സജീവമായി രംഗത്തുണ്ടായിരുന്നു. തനിമയുടെ മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് ഡോ. ശൈഖ് ഉമർ, റഷീദ് സഖാഫ്, ഷാനവാസ് കോട്ടയം, അമീർ മതിലകം, അബൂത്വാഹിർ, ജാസ്മിൻ നൗഫൽ, സുനീറ ബഷീർ എന്നിവർ നേതൃത്വം നൽകി.
വിവിധ മുതവ്വഫുകൾ കേന്ദ്രീകരിച്ച് മക്തബ് മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഹാജിമാർ നേരിട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും. മുതവ്വഫിന്റെ നിർദേശപ്രകാരം ഹാജിമാർക്ക് അവരുടെ ഭക്ഷണവും വെള്ളവും മറ്റു പാനീയങ്ങളും ടെന്റുകളിൽ വിതരണം ചെയ്യാനും വിവിധ ആവശ്യങ്ങൾക്കായി ടെന്റുകളിൽനിന്ന് പുറത്തിറങ്ങി വഴിതെറ്റുന്ന ഹാജിമാരെ തിരിച്ചെത്തിക്കാനും സാധിച്ചു. ഹാജിമാർ അറഫ വിടുംവരെ തനിമ വളൻറിയർമാർ 24 മണിക്കൂറും സേവനസന്നദ്ധരായി രംഗത്തുണ്ടായിരുന്നു. ശക്തമായ ചൂടിനെ അവഗണിച്ചും വനിതകൾ ഉൾപ്പെടെയുള്ള വളൻറിയർമാരാണ് അറഫയിൽ കർമനിരതരായത്. അബ്ദുൽ ഹകീം ആലപ്പുഴ, ശമീൽ ചേന്ദമംഗലൂർ, അബ്ദുൽ നസീർ മതിലകം, ഇഖ്ബാൽ ചെമ്പാൻ, അനീസുൽ ഇസ്ലാം, ഫാറൂഖ് കുറ്റിയാടി, അഫ്സൽ കള്ളിയത്, ഷമീർ തിരൂർ, ഷാനിബ നജാത്, മുനാ പാലക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറഫ സേവനം. ഇന്ത്യൻ ഹജ്ജ് മിഷൻ പുറത്തിറക്കിയ അറഫ മാപ്പ് വളൻറിയർ സേവനങ്ങൾ എളുപ്പമാക്കാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.