തനിമ സ്വാതന്ത്ര്യദിന സംഗമം
text_fieldsഅൽ ഖോബാർ: ഭരണകൂട സ്പോൺസേഡ് വംശീയതയും നവദേശീവാദവും രാജ്യത്തിന്റെ ഉന്നത പാരമ്പര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും കശാപ്പ് ചെയ്യുകയാണെന്ന് തനിമ സാംസ്കാരികവേദി സംഘടിപ്പിച്ച ‘വൈവിധ്യങ്ങളുടെ ഒരുമ’ സ്വാതന്ത്ര്യദിന സംഗമത്തിൽ അഭിപ്രായമുയർന്നു. ഖോബാർ നെസ്റ്റോ ഹാളിൽ നടന്ന പരിപാടിയിൽ മേഖലയിലെ വിവിധ സംഘടന സാംസ്കാരിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ഇന്ത്യയുടെ ബഹുസ്വരത നിരവധി ചരിത്രഘട്ടങ്ങളിലൂടെ ഉരുവംകൊണ്ടതാണ്. സ്വാതന്ത്ര്യ സമര മുന്നേറ്റത്തിൽ മുന്നണിപ്പോരാളികളായിരുന്ന ജനവിഭാഗങ്ങളെയും അവരുടെ പിൻതലമുറക്കാരെയും രാജ്യദ്രോഹികളാക്കി മുദ്രകുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളെ പൗരസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സംഗമത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
തനിമ സോണൽ പ്രസിഡൻറ് എസ്.ടി. ഹിശാം അധ്യക്ഷത വഹിച്ചു. എ.കെ. അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സക്കീർ പറമ്പിൽ, ഫൈസൽ ഇരിക്കൂർ, അൻവർ സലിം, ബിജു പി. നീലേശ്വരം, ഡോ. സിന്ധു ബിനു, മൂസ സഅദി, അജ്മൽ മദനി എന്നിവർ സംസാരിച്ചു. രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വംശീയ അക്രമങ്ങൾക്കെതിരെയുള്ള ഐക്യദാർഢ്യ പ്രമേയം ഫൗസിയ അനീസ് അവതരിപ്പിച്ചു. റഊഫ് അണ്ടത്തോട്, റഊഫ് ചാവക്കാട് എന്നിവർ ചേർന്ന് പ്രമേയ ഗാനാവിഷ്കാരം നടത്തി.
മുർഷിദ് കവിതയും യൂത്ത് ഇന്ത്യ ആർട്സ് ക്ലബ് സ്കിറ്റും അവതരിപ്പിച്ചു. മുഹമ്മദ് അസ്ലം ഖിറാഅത്ത് നടത്തി. സഫ്വാൻ, ആരിഫ് അലി എന്നിവർ നിയന്ത്രിച്ചു. ഫൈസൽ കൈപ്പമംഗലം, അഷ്റഫ് വാഴക്കാട്, അബ്ദുൽ ജലീൽ, നിസ്സാർ തിരൂർക്കാട്, കെ.എം. സാബിഖ് എന്നിർ നേതൃത്വം നൽകി.
അൽ അഹ്സ: ‘വൈവിധ്യങ്ങളുടെ ഒരുമ’ തലക്കെട്ടിൽ തനിമ അൽ അഹ്സ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ നൗഷാദ് അധ്യക്ഷത വഹിച്ചു. നൗഫർ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
വൈദേശിക ശക്തികളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ട് നമ്മൾ എല്ലാ ഇന്ത്യക്കാരും ഇപ്പോഴത്തെ ഫാഷിസ്റ്റ് ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കണമെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും മതേതരത്വ സമൂഹവും ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി.
ഒ.ഐ.സി.സി പ്രതിനിധി ഷമീർ, കെ.എം.സി.സി പ്രതിനിധി അഷ്റഫ് ഗസൽ എന്നിവർ സംസാരിച്ചു. ഹാരിസ് കോതമംഗലം സ്വാഗതവും അനസ് മാള നന്ദിയും പറഞ്ഞു. മുജീബ്, അഷ്റഫ് സുൽഫി, സിറാജ്, നദീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.