മിനായിലെ ഹജ്ജ് സേവനം പൂർത്തീകരിച്ച് തനിമ വളണ്ടിയർമാർ മടങ്ങി
text_fieldsജിദ്ദ: മിനായിലെ ഹജ്ജ് സേവനം പൂർത്തീകരിച്ച് തനിമ വളണ്ടിയർമാർ മടങ്ങി. സൗദിയിലെ വിവിധ സിറ്റികളിൽ നിന്നായി ഇരുന്നൂറോളം വളണ്ടിയർമാരാണ് ഇത്തവണ സേവനരംഗത്ത് ഉണ്ടായിരുന്നത്.
വളണ്ടിയർ സേവനത്തിനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ജംഇയ്യത്തുൽ ഹാദിയ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിലാണ് ഇത്തവണ തനിമ വളണ്ടിയർമാർ സേവന രംഗത്തിറങ്ങിയത്.
അറഫയിലും മുസ്ദലിഫയിലും മിനായിലും കർമ്മരംഗത്ത് ഉണ്ടായിരുന്നു. വിവിധ ഷിഫ്റ്റുകളിലായി ജംറയിലും മിനായിലെ വിവിധ സ്ട്രീറ്റുകളിലും തനിമ വളണ്ടിയർമാരെ വിന്യസിച്ചാണ് ആയിരക്കണക്കിനു ഹാജ്ജിമാർക്കാണു വിവിധ സേവനങ്ങൾ ലഭ്യമാക്കിയത്.
വീൽചെയർ സേവനം, വഴിതെറ്റിയ ഹാജിമാർക്ക് വഴി കാണിക്കൽ, കുടിവെള്ളവിതരണം, മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്ന ഹാജിമാർക്ക് ഹോസ്പിറ്റൽ സേവനം, വഴിതെറ്റിയ ഹാജിമാരെ മിനാ ക്യാമ്പിലും അസീസിയയിലും എത്തിക്കുക തുടങ്ങിയവയായിരുന്നു പ്രധാന സേവനങ്ങൾ.
മക്കയിലെ അസീസിയയിൽ താമസിച്ചാണ് വളണ്ടിയർ സേവനത്തിന് ഏകോപനം നിർവ്വഹിച്ചത്. സേവനത്തിന് ജനറൽ കൺവീനർ സി.എച്ച് ബഷീർ, ജനറൽ ക്യാപ്റ്റൻ കുട്ടി മുഹമ്മദ്, മക്ക കോഡിനേറ്റർ ഷമീൽ, ക്യാപ്റ്റൻമാരായ ഖലീൽ അബ്ദുള്ള (റിയാദ്), ഫൈസൽ (ഖൊബാർ), ഷാനിദ് അലി (റിയാദ്) തുടങ്ങിയവർ നേതൃത്വം നൽകി. അറഫയിൽ ഇത്തവണയും സേവനം ലഭ്യമാക്കിയിരുന്നു.
മിനായിലെ ഹജ്ജ് സേവനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് അസീസിയ ക്യാമ്പിൽ നടന്ന സമാപന സംഗമത്തിന് തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് നജ്മുദ്ദീൻ കൊണ്ടോട്ടി നേതൃത്വം നൽകി. വിവിധ ഗ്രൂപ്പ് ലീഡർമാർ സേവന അനുഭവങ്ങൾ പങ്കുവച്ചു. ക്യാമ്പ് ദിവസങ്ങളിൽ മികച്ച ഭക്ഷണമൊരുക്കിയ അബ്ദുൽ സത്താറിനെയും ടീമിനെയും ക്യാമ്പിൽ ആദരിച്ചു.
ജാബിർ വാണിയമ്പലം സമാപന പ്രസംഗം നടത്തി. വളണ്ടിയർ ക്യാപ്റ്റൻ കുട്ടി മുഹമ്മദ് കുട്ടി സ്വാഗതമാശംസിച്ചു. ഖലീൽ അബ്ദുള്ള ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.