കോവിഡ് പ്രതിരോധയജ്ഞത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി -മന്ത്രി
text_fieldsജിദ്ദ: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിച്ച സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി ആരോഗ്യ മന്ത്രി എൻജിനീയർ ഫഹദ് അൽജലാജിൽ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ലോകത്താകമാനം നിലനിന്നിരുന്ന അടിയന്തര ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം അവസാനിപ്പിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കോവിഡിനെ നേരിടുന്നതിൽ രാജ്യം അന്താരാഷ്ട്ര തലത്തിൽ മികച്ച മാതൃകയാണ് കാഴ്ചവെച്ചത്. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ നടപടികൾ ലോകാടിസ്ഥാനത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
രാജ്യത്ത് കോവിഡിനെതിരെയുള്ള രോഗപ്രതിരോധ സംവിധാനങ്ങളും ഉന്നത ചികിത്സ സൗകര്യവും ലഭ്യമാക്കുക മാത്രമല്ല, രാജ്യാന്തര തലത്തിലും കോവിഡ് പ്രതിരോധ നടപടികളിൽ സൗദി അറേബ്യ മുഖ്യ പങ്ക് വഹിച്ചു. ലോകാരോഗ്യ സംഘടനക്കും വിവിധ രാജ്യങ്ങൾക്കും സാമ്പത്തിക സഹായങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും നൽകിയതോടൊപ്പം ജി20 രാജ്യങ്ങളോട് കോവിഡ് പ്രതിരോധ സംവിധാനങ്ങൾക്ക് ലോക രാജ്യങ്ങളെ സഹായിക്കാൻ അന്നത്തെ ഉച്ചകോടിക്ക് നേതൃത്വം നൽകിയിരുന്ന സൽമാൻ രാജാവ് അഭ്യർഥിച്ചിരുന്നു.
പബ്ലിക് ഹെൽത്ത് അതോറിറ്റി, നാഷനൽ ഹെൽത്ത് ലബോറട്ടറി, നാഷനൽ സെന്റർ ഫോർ ഹെൽത്ത് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവ രൂപവത്കരിച്ച് കോവിഡ് പ്രതിരോധ രംഗത്ത് ശക്തമായ നടപടികളുമായാണ് രാജ്യം മുന്നോട്ട് പോയിരുന്നത്. രാജ്യത്തെ പൗരന്മാർക്കും നിയമ ലംഘകരായവരുൾപ്പെടെ മുഴുവൻ വിദേശികൾക്കും സൗജന്യ ചികിത്സ നൽകി. ആശുപത്രികളിൽ സൗകര്യം വർധിപ്പിച്ചു. മരുന്നുകളും വാക്സിനുകളും ഉപകരണങ്ങളും മറ്റും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി.
കോവിഡ് കാലത്ത് വിവര സാങ്കേതിക വിദ്യയെ ഫലപ്രദമായി വിനിയോഗിച്ച രാജ്യമാണ് സൗദി അറേബ്യ. ഡിജിറ്റൽ ഹെൽത്ത് സൊല്യൂഷൻ, വെർച്വൽ ചികിത്സ, ഡാറ്റാ മാനേജ്മെന്റ് തുടങ്ങി വിവര സാങ്കേതിക പദ്ധതികളിലൂടെ മുൻകരുതലും പ്രതിരോധ മാർഗങ്ങളും അനുബന്ധ പ്രോട്ടോകോളുകളും സജീവമാക്കിയതിലൂടെ കോവിഡിനെ അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ നിയന്ത്രിക്കാൻ രാജ്യത്തിന് സാധിച്ചതായും ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.