സൗദി അറേബ്യക്ക് നന്ദി; മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും -മന്ത്രി വി. മുരളീധരൻ
text_fieldsജിദ്ദ: സംഘർഷം നടക്കുന്ന സുഡാനിൽനിന്ന് എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘ഓപറേഷൻ കാവേരി’യുടെ പ്രവർത്തനങ്ങൾ ഇതുവരെ വളരെ സുഖമമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആകെ 3,400 ഇന്ത്യക്കാരാണ് സുഡാനിലുണ്ടായിരുന്നത്. ഇവരിൽനിന്ന് നാട്ടിലേക്ക് പോരാൻ താൽപര്യമുള്ള എല്ലാവരെയും ഓപറേഷൻ കാവേരി വഴി നാട്ടിലെത്തിക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്.
വ്യാഴാഴ്ച രാവിലെ വരെ 1,100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ഇതിൽനിന്ന് 606 പേർ ഇതിനകം ഇന്ത്യയിലെത്തി. ഇതിൽ 27 മലയാളികളും ഉൾപ്പെടും. ജിദ്ദയിലെത്തിയ ബാക്കിയുള്ളവരെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ സുഡാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർകൂടി പോർട്ട് സുഡാനിൽനിന്ന് ഓപറേഷൻ കാവേരി വഴി ജിദ്ദയിലെത്തും. ജിദ്ദയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് പ്രവർത്തിക്കുന്നത്.
സുഡാനിലുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും അവർ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മുഴുവൻ സമയവും രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും പൂർണമായുമുള്ള സഹകരണമാണ് ലഭിക്കുന്നത്. അവരുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സൗദിയുടെ സഹകരണത്തിന് കേന്ദ്ര സർക്കാറിന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
ഈ മാസം 19 മുതൽ ജിദ്ദയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിൽനിന്ന് രണ്ട് വ്യോമസേനയുടെ വിമാനങ്ങൾ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇതിന് സ്റ്റേഷൻ ചെയ്യാനുള്ള സൗകര്യങ്ങളെല്ലാം സൗദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. സംഘർഷത്തിന്റെ കേന്ദ്രമായ ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാൻ, അവിടെനിന്ന് ജിദ്ദ, ജിദ്ദയിൽനിന്ന് ഇന്ത്യ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഓപറേഷൻ കാവേരി നടക്കുന്നത്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഇന്ത്യൻ സൈനിക വിമാനങ്ങൾ ലാൻഡ് ചെയ്തിരിക്കുന്നത്. ഇവിടെനിന്നാണ് പോർട്ട് സുഡാനിലേക്ക് സർവിസ് നടത്തി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. തുറമുഖം വഴിയും ഇന്ത്യക്കാരെ കൊണ്ടുവരുന്നുണ്ട്. എല്ലാത്തിനും സൗദി സർക്കാർ നൽകുന്ന സഹകരണം വലുതാണ്. അതുപോലെ ജിദ്ദയിലെത്തുന്നവരെ സ്വീകരിക്കാനും മറ്റും ജിദ്ദയിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളും രംഗത്തുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇവരുടെ സേവനങ്ങൾ ഏറെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.