റിയാദ് അന്താരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം
text_fieldsജിദ്ദ: 44 അന്താരാഷ്ട്ര കമ്പനികൾ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നു. രാജ്യാന്തര പങ്കാളിത്തത്തോടെ റിയാദിൽ നടന്ന ഭാവി നിക്ഷേപ സംരംഭത്തിെൻറ അഞ്ചാമത് വാർഷിക സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത്രയും കമ്പനികൾക്ക് അവരുടെ പ്രാദേശിക ആസ്ഥാനങ്ങൾക്കായി സൗദി അറേബ്യയിൽ പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസും കൈമാറി. നിക്ഷേപമന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ്, റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് എന്നിവർ ലൈസൻസ് കൈമാറലിൽ പങ്കെടുത്തു. 10 വർഷത്തിനുള്ളിൽ 480 പ്രാദേശിക ആസ്ഥാനങ്ങൾ തലസ്ഥാനത്തേക്ക് മാറ്റാൻ സൗദി അറേബ്യ ലക്ഷ്യമിടുന്നതായും പരിപാടിയിൽ പ്രഖ്യാപിച്ചു.
പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ തീരുമാനിച്ച കമ്പനികളിൽ സാംസങ്, സീമെൻസ്, പെപ്സികോ, യൂനിലിവർ, ഫിലിപ്സ്, ചൈനയിലെ ദീദി എന്നീ പ്രമുഖരും ഉൾപ്പെടും. ഭാവിനിക്ഷേപ സമ്മേളനത്തിൽ ഡെന്മാർക്കിലെ കാറ്റാടി ഊർജ കമ്പനിയായ വെസ്റ്റസ് അതിെൻറ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സുസ്ഥിര ഊർജ പരിഹാരങ്ങളിൽ വെസ്റ്റസ് ആഗോള പങ്കാളിയാണ്. ലോകമെമ്പാടുമുള്ള വിൻഡ് ടർബൈനുകൾ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും സേവനം നൽകുകയും ചെയ്യുന്ന കമ്പനിയാണ്.
നിക്ഷേപ മന്ത്രാലയത്തിെൻറയും റിയാദ് സിറ്റി റോയൽ കമീഷെൻറയും മേൽനോട്ടത്തിലാണ് അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാനുള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ സൗദി സമ്പദ്വ്യവസ്ഥയിലേക്ക് 18 ബില്യൺ ഡോളർ കൊണ്ടുവരുമെന്നും 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക ആസ്ഥാനം ആഗോള കമ്പനിയുടെ സ്ഥാപനമായാണ് കണക്കാക്കുക. സൗദി അറേബ്യയിലെ ബാധകമായ നിയന്ത്രണങ്ങൾക്ക് കീഴിലാണ് സ്ഥാപിക്കുക. മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലും പ്രവർത്തിക്കുന്ന കമ്പനി ശാഖകളെയും അനുബന്ധ സ്ഥാപനങ്ങളെയും പിന്തുണക്കുക, നിയന്ത്രിക്കുക, തന്ത്രപരമായി നയിക്കുക എന്നിവയും ഉദ്ദേശ്യങ്ങളിലുൾപ്പെടും.
'ആഗോള വൈദഗ്ധ്യം കൊണ്ടുവരും'
ജിദ്ദ: അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കാനുള്ള പ്രോഗ്രാമിൽ പങ്കെടുക്കുന്ന കമ്പനികൾ രാജ്യത്ത് ആഗോള വൈദഗ്ധ്യം കൊണ്ടുവരുമെന്ന് റിയാദ് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് പറഞ്ഞു. കമ്പനികളുടെ വരവ് ഗവേഷണ, നവീകരണ മേഖലകളുടെ വികസനത്തിന് കരുത്തുപകരും.
രാജ്യത്തെ യുവാക്കൾക്ക് അനുഭവങ്ങൾക്കൊപ്പം പ്രവർത്തിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവും അനുഭവവും കൈമാറുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലേക്കും നയിക്കും. പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 67 ബില്യൺ റിയാൽ (18 ബില്യൺ യു.എസ് ഡോളർ) സംഭാവന ചെയ്യും. 2030 ഓടെ ഏകദേശം 30,000 പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യും. ദേശീയ പ്രതിഭകൾക്ക് അന്താരാഷ്ട്ര കമ്പനികളിൽ ജോലിചെയ്യാനും പുതിയ മേഖലകളിൽ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കാനും അവസരങ്ങൾ പ്രദാനം ചെയ്യും. റിയാദ് പട്ടണം ആഗോള കമ്പനികളുടെ പ്രധാന പ്രാദേശിക കേന്ദ്രമായി മാറാൻ പോവുകയാണ്. റിയാദിനെ ലോകെത്ത മികച്ച 10 നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റുന്നതിന് സംഭാവന ചെയ്യുന്ന 80ലധികം പദ്ധതികൾ നഗരം സാക്ഷ്യംവഹിക്കുമെന്നും റിയാദ് റോയൽ കമീഷൻ സി.ഇ.ഒ പറഞ്ഞു.
കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി, കിങ് സൽമാൻ പാർക്ക്, ഗ്രീൻ റിയാദ്, റിയാദ് ആർട്ട്, സ്പോർട്സ് ട്രാക്ക്, ഖിദ്ദിയ എന്നീ പദ്ധതികൾ ആഗോളതലത്തിൽ റിയാദിലെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്ന മെഗാ പദ്ധതികളാണ്. ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ വെളിച്ചത്തിൽ വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിവർത്തനവും ദ്രുതഗതിയിലുള്ള വളർച്ചയും സേവനങ്ങളുടെ ആവശ്യം വർധിപ്പിക്കും. വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
റിയാദ് നഗരത്തിൽ അന്താരാഷ്ട്ര സ്കൂളുകളെ ആകർഷിക്കുന്ന ശിപാർശക്ക് സൗദി മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ റിയാദിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് അന്താരാഷ്ട്ര സ്കൂളുകൾ ആരംഭിച്ചു. കിങ് കോളജ്, എസ്.ഇ.കെ ഇൻറർനാഷനൽ സ്കൂൾ എന്നിവയിൽ ഇതുവരെ 200ലധികം വിദ്യാർഥികൾ പ്രവേശനം നേടിയതായും റിയാദ് റോയൽ കമീഷൻ സി.ഇ.ഒ പറഞ്ഞു.
നിക്ഷേപകർക്ക് ഇഷ്ടകേന്ദ്രം –മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്
ജിദ്ദ: അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ റിയാദിലേക്ക് ആകർഷിക്കുന്ന പരിപാടിയിൽ ഇത്രയധികം കമ്പനികൾ ചേരുന്നതിന് സാക്ഷ്യംവഹിക്കാനായതിൽ സന്തുഷ്ടനാണെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. റിയാദ് ബിസിനസ് ആകർഷിക്കുന്ന ആഗോളനഗരമാണെന്നും ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപകേന്ദ്രമാണെന്നുമാണ് സൂചിപ്പിക്കുന്നത്.
വിഷൻ 2030 നൽകുന്ന അസാധാരണ അവസരങ്ങൾ ഈ കമ്പനികൾ തിരിച്ചറിഞ്ഞു. താമസിയാതെ അവർ ഫലവും കൊയ്യും. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനായി രൂപകൽപന ചെയ്ത സംരംഭങ്ങളിലൂടെ കൂടുതൽ അവസരങ്ങൾ കമ്പനികൾക്കുണ്ടാകും.
കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപകരിൽനിന്നുള്ള പ്രോത്സാഹജനകമായ പ്രതികരണങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിെൻറ ഒഴുക്ക് വർധിപ്പിക്കുന്നതിന് കാരണമായി. പ്രാദേശിക വിപണിയിലെ നിക്ഷേപത്തിെൻറ അളവ് വർധിപ്പിക്കുന്ന നിക്ഷേപകരുടെ കൂടുതൽ സാന്നിധ്യം സൗദി അറേബ്യ പ്രതീക്ഷിക്കുെന്നന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.