തട്ടിക്കൊണ്ടുപോയ സൗദി പൗരനെ സൈനികനടപടിയിലൂടെ മോചിപ്പിച്ചു
text_fieldsറിയാദ്: ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ സൗദി പൗരനെ സൈനിക നടപടിയിലൂടെ മോചിപ്പിച്ചു. സൗദി എയർലൈൻസിലെ ജീവനക്കാരനായ മഷാരി അൽ മുതൈരിയെയാണ് ഞായറാഴ്ച പുലർച്ച മൂന്നുമണിയോടെ തട്ടിക്കൊണ്ടുപോയത്.
ലബനാൻ-സിറിയ അതിർത്തി പ്രദേശത്ത് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ലബനാൻ ആർമിയുടെ ഇന്റലിജൻസ് ഡയറക്ടറേറ്റ് സൈനിക നടപടിയിലൂടെ മോചിപ്പിക്കുകയും ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബൈറൂത് റഫീഖ് അൽ ഹരീരി അന്തർദേശീയ വിമാനത്താവള സമീപത്തുനിന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ സംഘം 40,000 ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ലബനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മോഷ്ടിച്ച രണ്ട് വാഹനങ്ങളിലെത്തിയ സംഘമാണ് മുതൈരിയെ തട്ടിക്കൊണ്ടുപോയത്. അവരിൽ മൂന്നുപേർ സൈനിക വേഷം ധരിച്ചിരുന്നു. സംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞ സൈന്യം ഇവരുടെ വീടുകൾ റെയ്ഡ് ചെയ്തതാണ് ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ സഹായകമായതെന്ന് ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോചിതനായ മുതൈരിയെ ബൈറൂത്തിലെ സൗദി എംബസിയിൽ അംബാസഡർ വലീദ് ബിൻ അബ്ദുല്ല ബുഖാരി സ്വീകരിച്ചു. മോചിതനായ സൗദി പൗരന് വൈദ്യ പരിശോധന നടത്തിയതായി അറിയിച്ച അംബാസഡർ മുതൈരി ആരോഗ്യവാനാണെന്ന് പറഞ്ഞു.
അടിയന്തര നീക്കത്തിലൂടെ മുതൈരിയെ മോചിപ്പിച്ച സൈന്യത്തിനും ആഭ്യന്തര സുരക്ഷാ സേനക്കും നന്ദി അറിയിക്കുന്നതായി ബുഖാരി വ്യക്തമാക്കി. ടൂറിസം സുരക്ഷ ഉറപ്പാക്കാനുള്ള ലബനീസ് അധികൃതരുടെ താൽപര്യത്തെ തങ്ങൾ വിലമതിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഭവത്തിൽ ഒമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലബനീസ് ആഭ്യന്തര മന്ത്രി ബസ്സാം മൗലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുതൈരിയെ മോചിപ്പിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും സൈന്യം നടത്തിയ ശ്രമത്തെ ലബനാന്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാത്തി അഭിനന്ദിച്ചു. അറബ് സഹോദരങ്ങളുടെയും വിദേശ പൗരന്മാരുടെയും സുരക്ഷ തങ്ങൾ പ്രധാനമായി കാണുന്നു. അറബ് രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയുർത്തുന്ന പ്രവർത്തനങ്ങളുടെ കേന്ദ്രമായി ലബനീസ് പ്രദേശങ്ങൾ ഉപയോഗിക്കാൻ ഒരുനിലക്കും അനുവദിക്കുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിട്ടുമാറാത്ത സാമ്പത്തിക പ്രശ്നങ്ങളുമായി മുന്നോട്ടുപോകുന്ന ലബനാനിൽ തിരോധാനങ്ങളടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയാണെന്ന് സൗദി മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.