യമനിൽ ഒരു ജയിലും ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടില്ലെന്ന് അറബ് സഖ്യസേന
text_fieldsജിദ്ദ: യമനിലെ സഅ്ദയിൽ ഒരു ജയിലും ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടില്ലെന്ന് അറബ് സഖ്യസേന. ഇത് സംബന്ധിച്ച എല്ലാ വസ്തുതകളും വിശദമായ വിവരങ്ങളും തങ്ങൾ, സംഭവം വിലയിരുത്തുന്ന സംയുക്ത സംഘത്തിന് നൽകുമെന്നും സഖ്യസേന ഔദ്യേഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു.
സഖ്യസേന സഅ്ദ നഗരത്തിലെ ഒരു ജയിലിനെ ലക്ഷ്യമിട്ടുവെന്ന ഹൂതികളുടെ അവകാശവാദത്തെക്കുറിച്ച് ജനുവരി 22ന് സഖ്യസേന ജോയിൻറ് ഫോഴ്‌സ് കമാൻഡ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പുറമേ അന്വേഷണ നടപടിക്രമങ്ങളും വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും ശേഖരിക്കുമെന്ന് സംഭവം വിലയിരുത്തുന്ന സംയുക്ത ടീം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അറബ് സഖ്യസേനയുടെ ജോയിൻറ് ഫോഴ്‌സ് കമാൻഡ് എല്ലാ വസ്തുതകളും വിശദമായ വിവരങ്ങളും വിലയിരുത്തൽ ടീമിന് നൽകും. കൂടാതെ യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫിസിലേക്കും റെഡ് ക്രോസിന്‍റെ ഇൻറർനാഷനൽ കമ്മിറ്റിയിലേക്കും വിവരങ്ങൾ നൽകുമെന്ന് വക്താവ് പറഞ്ഞു.
സഖ്യസേന ലക്ഷ്യമിടാത്ത നാല് സ്ഥലങ്ങൾ സഅ്ദ നഗരത്തിലെ ജയിലുകളായി ഹൂതികൾ ഉപയോഗിക്കുന്നതായി ബ്രിഗേഡിയർ അൽ മാലികി വിശദീകരിച്ചു. അതുപോലൊരു സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള ജയിൽ സ്ഥിതി ചെയ്യുന്നത്.
സഅ്ദയിലെ പ്രത്യേക സുരക്ഷാ ക്യാമ്പ് ആണ് ലക്ഷ്യമിട്ടത്. അതിന്‍റെ സ്വഭാവമനുസരിച്ച് നിയമാനുസൃതമായ സൈനിക ലക്ഷ്യമാണ്. ഹൂതി തീവ്രവാദികളുടെ സൈനിക ഉപയോഗ സ്ഥലവുമാണ് അത്. ശത്രുതാപരമായ പ്രവർത്തനങ്ങൾക്കും സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമാക്കി അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനും സൈനിക ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന കേന്ദ്രവുമാണ് അത്.
സ്ഥലത്തിന്‍റെ യഥാർഥ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അന്താരാഷ്ട്ര സംഘടനകളുടെയും ആഗോള സർക്കാരിതര സംഘടനകളുടെയും സഹതാപം നേടാനുള്ള ശ്രമവുമാണ് ഹൂതികൾ അതിന്‍റെ മാധ്യമങ്ങളിലൂടെ നടത്തികൊണ്ടിരിക്കുന്നതെന്നും സംഖ്യസേന വക്താവ് പറഞ്ഞു.
ഈ സൈനിക സ്ഥലത്തിന്‍റെ പ്രവർത്തനത്തിന്‍റെ യാഥാർഥ്യത്തെക്കുറിച്ച് അവരെ അറിയിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന ഹൂതി വിവരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും സഖ്യസേനയുടെ സംയുക്ത സേനയുടെ ആസ്ഥാനം സന്ദർശിക്കാൻ യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫിസിനെയും റെഡ് ക്രോസിന്‍റെ ഇൻറർനാഷനൽ കമ്മിറ്റിയെയും ക്ഷണിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ചില സംഘടനകൾ നൽകിയ ഡാറ്റ അനുസരിച്ച്, സംശയാസ്പദമായ സ്ഥലം സന്ദർശിച്ച് അവർക്ക് ലഭ്യമായ വിവരങ്ങൾ കൈമാറാൻ അഭ്യർഥിച്ചിട്ടുണ്ട്. ഏതെങ്കിലും ആരോപണം ഉണ്ടായാൽ, സഖ്യത്തിന്‍റെ സംയുക്ത സേനയുടെ നേതൃത്വത്തിലുള്ള ആന്തരിക സംവിധാനത്തിന് അനുസൃതമായും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അതിന്‍റെ ആചാര നിയമങ്ങൾക്കും അനുസൃതമായി അത് ഗൗരവമായി കാണുകയും പരിഗണിക്കുകയും ചെയ്യും.
മൂന്നാം ജനീവ കൺവെൻഷന്‍റെ ആർട്ടിക്കിൾ 23-ൽ അടങ്ങിയിരിക്കുന്ന തടങ്കൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ വ്യവസ്ഥകൾ ലംഘിക്കുകയോ അവരുടെ സൈനിക കേന്ദ്രങ്ങളിൽ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയോ ചെയ്താൽ ഹൂതികൾക്കായിരിക്കും അതിന്‍റെ പൂർണ ഉത്തരവാദിത്തമെന്നും സംഖ്യസേന വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.