‘അറബി കവിത വർഷാചരണം 2023’ പരിപാടികൾ സമാപിച്ചു
text_fieldsയാംബു: സൗദി സാംസ്കാരിക മന്ത്രാലയം ‘2023 അറബി കവിത വർഷം’ ആചരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചുവരുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കും കാവ്യോത്സവങ്ങൾക്കും തിരശ്ശീല വീണു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ സമാപന പരിപാടികൾ അരങ്ങേറി.
വിഖ്യാത അറബ് കാൽപനിക കവി ഇംറുൽ ഖൈസ് ഉൾപ്പെടെയുള്ള പ്രാചീന അറേബ്യൻ കവികളുടെ ജീവിതവും കാവ്യങ്ങളും ഇതിവൃത്തമാക്കി കാവ്യനാടകങ്ങളും പ്രദർശനങ്ങളും ചർച്ച സംഗമങ്ങളും ഉത്സവങ്ങളും സംഘടിപ്പിച്ചിരുന്നു.
സംസ്കാരിക സന്നദ്ധ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ‘മജ്ലിസ് കാഫിയ ലിഷിഹ്രിൽ അറബി’ എന്ന പേരിൽ സാംസ്കാരിക പരിപാടികളും കാവ്യസന്ധ്യകളും ഏറെ ശ്രദ്ധേയമായിരുന്നു. ഓരോ പ്രദേശങ്ങളിലും നടന്ന വൈവിധ്യമാർന്ന പരിപാടികളിൽ കവികളും സാഹിത്യാസ്വാദകരായ ധാരാളം പേർ പങ്കെടുത്തു.
ദറഇയ സ്ക്വയർ ഹാളിൽ നടന്ന അറബി കവിത വർഷാചരണ സമാപന പരിപാടിയിൽ സാംസ്കാരിക മന്ത്രാലയ കമീഷൻ സി.ഇ.ഒ മുഹമ്മദ് ഹസൻ അൽവാൻ, വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ നിരവധി നേതാക്കൾ എന്നിവർ പങ്കെടുത്തു.
അറബി കവിത വർഷത്തിന്റെ പ്രമുഖ പരിപാടികളിൽ പങ്കാളികളായ ഉന്നത വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. അറബ് സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളപ്പെടുത്തലുകളിൽ ഏറെ സ്വാധീനം ചെലുത്തിയ അറബികവിതയെ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും അറബ് ചരിത്രത്തിന്റെ നാൾവഴികളിൽ അറബി കവികളും അവരുടെ ജനപ്രിയമായ കവിതകളും ചെലുത്തിയ സ്വാധീനം പുതുതലമുറക്ക് പകർന്നുനൽകാനും ലക്ഷ്യംവെച്ചായിരുന്നു മന്ത്രാലയം 2023 കവിതയുടെ വർഷമായി ആചരിച്ചത്.
അറബി കവിതയുടെ മഹിതമായ ചരിത്രത്തെ പനരുജ്ജീവിപ്പിക്കാനും മനുഷ്യ നാഗരികതയിലെ നാൾവഴികളിൽ അറബ് കവികളും കവിതകളും ചെലുത്തിയ സ്വാധീനം സമൂഹത്തിന് പകർത്താനും ഒരു വർഷം നീളുന്ന പരിപാടികൾ വഴിവെച്ചതായി മന്ത്രാലയം വിലയിരുത്തുന്നു.
സൗദിയിലെയും അറബ് ലോകത്തെയും കാവ്യരംഗം ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നതിനാൽ രാജ്യം അറബി കവിതവർഷമായി ആചരിച്ചത് വമ്പിച്ച ആവേശത്തോടെയാണ് സ്വദേശികൾ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.