വിദേശ ഉംറ തീർഥാടകരുടെ വരവ് താൽക്കാലികമായി നിർത്തിവെച്ചു
text_fieldsജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് താൽകാലികമായി നിർത്തിവെച്ചതായി ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷൻ മാസിൻ ദറാർ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിനെതിരായ മുൻകരുതലായി അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.
ഇൗയാഴ്ച ഉംറക്ക് വരാൻ നിശ്ചയിച്ചിരുന്നവർക്ക് വിമാന സർവിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികൾ ഉംറ ഏജൻസികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിദേശത്തുനിന്നെത്തിയ 300ഒാളം ഉംറ തീർഥാടകർ മക്കയിലുണ്ട്. ഹജ്ജ് മന്ത്രാലയത്തിെൻറ നിർദേശാനുസരണം എല്ലാവിധ പരിചരണവും ഉംറ ഏജൻസികൾക്ക് നൽകിവരുന്നുണ്ട്.
ഇവരുടെ യാത്രക്കായി ഹജ്ജ് മന്ത്രാലയം രൂപവത്കരിച്ച കമ്മിറ്റിയുമായി സഹകരിച്ച് പുറപ്പെടാനുള്ള യാത്ര ഷെഡ്യൂൾ ഉണ്ടാക്കുന്നതുവരെ വേണ്ട എല്ലാ പരിചരണവും നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഉംറ സിയാറ പുനരാരംഭിച്ച ശേഷം ഇരുഹറമുകളിലും എത്തിയ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണം 45 ലക്ഷം കവിഞ്ഞതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഇൗ ആഴ്ചയുടെ തുടക്കം വരെയുള്ള കണക്കാണിത്. ഉയർന്ന നിലവാരത്തിലും കൃത്യതതോടും കൂടിയ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ഇത്രയും പേർ എത്തിയത്. കോവിഡ് മുൻകരുതലായി ഏകദേശം എട്ട് മാസമായി നിർത്തിവെച്ച ഉംറ തീർഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.