മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരുടെ വരവ് തുടങ്ങി
text_fieldsജിദ്ദ: മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരുടെ ആദ്യ സംഘമെത്തി. ഇറാഖിൽനിന്ന് 176 തീർഥാടകരാണ് ഉംറ സീസൺ ആരംഭിച്ച ആദ്യ ദിവസം മദീനയിലെത്തിയത്. തീർഥാടകരെ റോസാപ്പൂക്കളും ഈത്തപ്പഴവും സംസം ജലവും നൽകി ഹജ്ജ്-ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ശനിയാഴ്ചയാണ് പുതിയ ഉംറ സീസൺ ആരംഭിച്ചത്.
അന്നേദിവസം ഉംറ തീർഥാടകരുടെ സംഘം മക്കയിലുമെത്തിയിരുന്നു. പാകിസ്താൻ, തുർക്കി, ഉസ്ബകിസ്താൻ, തജികിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. ഉംറ വിസ കാലാവധി 90 ദിവസമാക്കിയുള്ള ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ തീരുമാനം നിലവിൽ വന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ തീരുമാനമനുസരിച്ച് ഉംറ തീർഥാടകർക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനാകും.
വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാനും സേവനത്തിനും 500ലധികം ഉംറ സ്ഥാപനങ്ങൾ സജ്ജമാണെന്ന് ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽഉമൈരി പറഞ്ഞു. ഓരോ സ്ഥാപനത്തിലെയും ആളുകൾ വേണ്ട പരിശീലനം നേടിയവരാണ്. ലോകമെമ്പാടുമായി 2,000 വിദേശ ഏജന്റുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.