പ്രവാസികളോടുള്ള ഭരണകൂട ചിറ്റമ്മ നയം അവസാനിപ്പിക്കണം -ടി.എ. മുഹമ്മദ് ബിലാല്‍
text_fieldsജിദ്ദ: രാജ്യത്തെ എല്ലാ ഭരണകൂടങ്ങളും എല്ലാകാലത്തും പ്രവാസികളോട് ഒരുതരം ചിറ്റമ്മ നയമാണ് കൈക്കൊണ്ടിരുന്നതെന്നും അവരെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയ ശേഷം അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും പി.ഡി.പി സംസ്ഥാന വൈസ് ചെയര്മാന് ടി.എ. മുഹമ്മദ് ബിലാല്‍ പറഞ്ഞു.
ഹ്രസ്വ സന്ദര്‍ശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. പ്രവാസികൾ എല്ലാവരേയും ചേർത്തുനിര്‍ത്തുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അവരുടെ ന്യായമായ അവകാശങ്ങള്‍ പോലും വകവെച്ചുകൊടുക്കാതിരിക്കുന്നത് അനീതിയാണ്. ഇന്ത്യന്‍ പൗരന്മാര് എന്ന നിലയില്‍ വോട്ടവകാശത്തിന് വേണ്ടിയുള്ള അവരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ അടിക്കടിയുണ്ടാവുന്ന പ്രതിസന്ധി കാരണം നാട്ടിലേക്ക് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാറുകള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചക്ക് എടുക്കാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമല്ല. അവര്‍ക്ക് തണലാകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും അവരെ അവഗണിക്കുന്നതാണ് കാണുന്നതെന്ന് ടി.എ. മുഹമ്മദ് ബിലാല്‍ പറഞ്ഞു. പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില പ്രയാസകരമാണ്. എറണാകുളത്ത് ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകയാണ്. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് മഅ്ദനി.
നീണ്ട രണ്ട് വ്യാഴവട്ടക്കാലം ജയിലില്‍ കഴിയേണ്ടിവന്നത് ദാരുണമാണ്. വിചാരണത്തടവുകാര്‍ എന്ന സംവിധാനം ഭരണകർത്താക്കൾ രാഷ്ട്രീയ എതിരാളികളോടുള്ള പകതീര്‍ക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരേണ്ടതുണ്ട്. ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുന്നവരെ പോലും ഫാഷിസ്റ്റ് ഭരണകൂടം ഭീകരവാദികളായി ചിത്രീകരിക്കുന്നു. 25 വര്‍ഷം മുമ്പ് തന്നെ രാജ്യത്തെ ആര്.എസ്.എസിന്റെ സ്വാധീനത്തെക്കുറിച്ച് മഅ്ദനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ അതിന്റെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ വഖഫ് സ്വത്ത് അപഹരിക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. ആര്.എസ്.എസിന്റെ ഇത്തരം ഗൂഢനീക്കങ്ങളെ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടി.എ. മുഹമ്മദ് ബിലാല്‍ ചുണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.