പി.എം. നജീബ് മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsദമ്മാം: സൗദിയിലെ ഒ.ഐ.സി.സി സ്ഥാപകരിൽ ഒരാളും നാഷനൽ കമ്മിറ്റി പ്രസിഡൻറുമായിരുന്ന പി.എം. നജീബിെൻറ സ്മരണാർഥം ഏർപ്പെടുത്തിയ പി.എം. നജീബ് മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ജീവകാരുണ്യം, രാഷ്ട്രീയം എന്നീ മേഖലകളിൽനിന്നുള്ള പ്രഗല്ഭ വ്യക്തിത്വങ്ങൾക്കാണ് ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അവാർഡുകൾ നൽകുന്നത്.
വിദ്യാഭ്യാസ മേഖലയിൽനിന്ന് ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ 30 വർഷത്തോളം അധ്യാപികയായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി സബീന സാജിദിനെയും ജീവകാരുണ്യ മേഖലയിൽനിന്ന് നാസ് വക്കത്തെയും രാഷ്ട്രീയ മേഖലയിൽനിന്ന് ഒ.ഐ.സി.സി റീജനൽ ജനറൽ സെക്രട്ടറി ഇ.കെ. സലീമിനെയുമാണ് തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ സ്കൂളിലെ മുൻ എം.സി മെംബർ റഷീദ് ഉമർ, മുൻ ചെയർമാൻ സുനിൽ മുഹമ്മദ്, ജീവകാരുണ്യ മേഖലയിൽ ഒ.ഐ.സി.സി റീജനൽ വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ, അസ്ലം ഫറോക്ക് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഒ.ഐ.സി.സി റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, റസാഖ് തെക്കേപ്പുറം, അബ്ദുൽ ഹമീദ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. വിദ്യാഭ്യാസ ജീവകാരുണ്യ രാഷ്ട്രീയ കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പി.എം. നജീബ്. രാഷ്ട്രീയ കക്ഷി ഭേദമന്യേ സൗഹൃദം പുലർത്തിയിരുന്ന നജീബ് എന്ന കോൺഗ്രസ് പ്രവർത്തകനെ ഇനി വരാനിരിക്കുന്ന പ്രവാസികൾ കൂടി ഓർമിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അവാർഡ് പ്രഖ്യാപിച്ചത്. വരുംവർഷങ്ങളിൽ കായിക മേഖലയിലെ മികച്ച ഒരാളെ കൂടി ഉൾപ്പെടുത്തും.
പി.എം. നജീബ് മെമ്മോറിയൽ അവാർഡുകൾ എല്ലാവർഷവും തുടരുമെന്നും ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജില്ല കമ്മിറ്റി പ്രസിഡൻറ് റസാഖ് തെക്കേപ്പുറം, രക്ഷാധികാരി അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, ട്രഷറർ പി.കെ. ഷിനോജ്, ജോയൻറ് സെക്രട്ടറി അബ്ദുൽ ഹമീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.