ആരോഗ്യപ്രവർത്തകർക്ക് നവോദയ ഏരിയ കമ്മിറ്റിയുടെ ആദരം
text_fieldsയാംബു: കോവിഡിനെതിരെ ജീവൻ പണയം വെച്ച് പോരാടുന്ന ആരോഗ്യപ്രവർത്തകരെ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ആദരിച്ചു. യാംബുവിലെ പൊതുസമൂഹത്തിനു വേണ്ടി ആതുരസേവന മേഖലയിൽ മികവുറ്റ സേവനം നൽകിയ പ്രദേശത്തെ നാലു ആശുപത്രികളിൽ ജോലിചെയ്യുന്ന 94 മലയാളി നഴ്സുമാരെയാണ് ആദരിച്ചത്. ഓൺലൈൻ സംഗമം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ളവരെല്ലാം കോവിഡ് പ്രതിരോധത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും പരിമിതികൾ പുതിയ സാധ്യതകളാക്കി മാറ്റിയെടുക്കാനുള്ള ആസൂത്രണങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ നവോദയ യാംബു ഏരിയ പ്രസിഡൻറ് കരുണാകരൻ അധ്യക്ഷത വഹിച്ചു.
വീണ ജോർജ്ജ് എം.എൽ.എ ആരോഗ്യപ്രവർത്തകരെ ആദരിച്ച് സംസാരിച്ചു. ആദരിക്കപ്പെട്ടവരുടെ പ്രതിനിധിയായി ബെല്ലാ ജോസഫ് കോവിഡ് കാല ആതുരസേവനാനുഭവം ചടങ്ങിൽ പങ്കുവെച്ചു. നവോദയ കുടുംബവേദിയിലെയും മധുരം മലയാളം ക്ലാസിലെയും കുട്ടികളും മറ്റു കലാകാരന്മാരും ഒരുക്കിയ കലാവിരുന്ന് പരിപാടിക്ക് മിഴിവേകി. ജിദ്ദ നവോദയ രക്ഷാധികാരി വി.കെ.എ. റഊഫ്, പ്രസിഡൻറ് ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഗോപി മന്ത്രവാദി സ്വാഗതവും അജോ ജോർജ്ജ് നന്ദിയും പറഞ്ഞു. അനീഷ് സുധാകരൻ, സിബിൽ ബേബി എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.